ജബല്‍പുര്‍: ഉന്നത കുടുംബത്തില്‍പ്പെട്ട യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ രണ്ട് യുവാക്കള്‍ക്ക് ക്രൂരമര്‍ദനം. യുവതിയുടെ പിതാവ് ഉള്‍പ്പെടെയുള്ളവരാണ് യുവാക്കളെ മര്‍ദിച്ചത്. ഇവരുടെ തല പാതി മുണ്ഡനം ചെയ്യുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ജബല്‍പുരിലായിരുന്നു സംഭവം.
ദളിത് വിഭാഗത്തില്‍പ്പെട്ട രാജ്കുമാര്‍ ദെഹാരിയ(20)യും ഇയാളുടെ സുഹൃത്തുമാണ് മര്‍ദനത്തിനിരയായത്. മെയ് 22-നായിരുന്നു ഇരുവരെയും വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയുടെ ബന്ധുക്കള്‍ മര്‍ദിച്ചത്. സംഭവത്തില്‍ മെയ് 27-ാം തീയതിയാണ് രാജ്കുമാര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് യുവതിയുടെ പിതാവ് ഉള്‍പ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇതരജാതിയില്‍പ്പെട്ട പ്രദേശത്തെ ഉന്നതകുടുംബത്തിലുള്ള യുവതിയുമായി രാജ്കുമാര്‍ സൗഹൃദം പുലര്‍ത്തിയതും യുവതിക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയതുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം.
19-കാരിയുമായി രാജ്കുമാറിന് നേരത്തെ സൗഹൃദമുണ്ടായിരുന്നു. ഇതിനിടെ തനിക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ലെന്നും ആരോടെങ്കിലും സംസാരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഇല്ലെന്നും യുവതി രാജ്കുമാറിനെ അറിയിച്ചു. തുടര്‍ന്ന് യുവാവ് തന്റെ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ കടംവാങ്ങി യുവതിക്ക് നല്‍കി. ഇത് യുവതിയുടെ പിതാവ് കണ്ടെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
ഫോണ്‍ നല്‍കിയത് രാജ്കുമാറാണെന്ന് കണ്ടെത്തിയതോടെ ഇയാളെയും സുഹൃത്തിനെയും യുവതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് പിതാവും മറ്റുബന്ധുക്കളും ചേര്‍ന്ന് ഇരുവരെയും ക്രൂരമായി മര്‍ദിച്ചു. തല പാതി മുണ്ഡനം ചെയ്യുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കിയാല്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി.
മര്‍ദനം നേരിട്ട് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് യുവാക്കള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവരമറിഞ്ഞ ഉടന്‍ സംഭവത്തില്‍ നടപടി സ്വീകരിച്ചെന്നും പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ നിലവില്‍ റിമാന്‍ഡിലാണ്.