KeralaNews

ലക്ഷ്മി പിടിച്ചു നിര്‍ത്തി, അജീഷ് കുത്തിയെന്ന് നിധീഷിന്റെ മൊഴി; ദമ്പതികളുടെ കുത്തേറ്റ യുവാവിന്റെ നില ഗുരുതരം

തിരുവനന്തപുരം: കോരാണിയില്‍ പട്ടാപ്പകല്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സുഹൃത്തായ പനവൂര്‍ കൊല്ല അജിത് ഭവനില്‍ ലക്ഷ്മി (26) യെ പോലീസ് അറസ്റ്റു ചെയ്തു.

സംഭവശേഷം ഒളിവില്‍ പോയ ലക്ഷിമിയുടെ ഭര്‍ത്താവും നിരവധി കേസുകളില്‍ പ്രതിയുമായ അജീഷി (26) നെ വൈകുന്നേരത്തോടെ വെഞ്ഞാറമൂട് നിന്ന് പോലീസ് പിടികൂടിയിരിന്നു. കുത്തേറ്റ മംഗലപുരം ഇടവിളാകം നിജേഷ് ഭവനില്‍ നിധീഷ് (30) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴുത്തിലും വലതു കൈപ്പത്തിയിലും വയറിലും കുത്തേറ്റ നിതീഷ് അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് പാതയോരത്തുള്ള കടയുടെ ചായ്പിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. നിധീഷിനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ലക്ഷ്മിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു രണ്ടര വയസുള്ള കുഞ്ഞുമായി രക്ഷപ്പെട്ട അജീഷ്, കുഞ്ഞിനെ സഹോദരന്റെ വീട്ടിലെത്തിച്ച ശേഷം ഒളിവില്‍ പോയിരുന്നു.

വാളിക്കോടുള്ള ജനസേവന കേന്ദ്രത്തിലെ ജീവനക്കാരനായ നിധീഷുമായി മൂന്ന് മാസമായി സൗഹൃദത്തിലാണ് ലക്ഷ്മി. ഇക്കാര്യം അറിഞ്ഞതോടെ അജീഷും ലക്ഷ്മിയും തമ്മില്‍ ഇതേച്ചൊല്ലി വഴക്കുണ്ടായി. തുടര്‍ന്ന് കുടുംബ പ്രശ്‌നം ചൂണ്ടിക്കാട്ടി 19 ന് വെഞ്ഞാറമൂട് സ്റ്റേഷനില്‍ ലക്ഷ്മി പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുപേരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി താക്കീതു നല്‍കി വിട്ടയച്ചു. എന്നാല്‍ വീണ്ടും വഴക്കുണ്ടായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ഞായറാഴ്ച രാവിലെ പത്തോടെ കോരാണിയില്‍ കുഞ്ഞുമായി ലക്ഷ്മിയും അജീഷും എത്തുകയും, തുടര്‍ന്ന് നിധീഷിനെ കോരാണിയിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയുമായിരിന്നു. വിളിച്ചു വരുത്തിയ ലക്ഷ്മി തന്നെ പിടിച്ചു നിര്‍ത്തുകയും അജീഷ് കുത്തുകയുമായിരുന്നുവെന്നാണ് നിധീഷ് പോലീസിന് നല്‍കിയ മൊഴി. അതേസമയം, ആക്രമണത്തിന്റെ കാരണം സംബന്ധിച്ചുള്ള മൊഴികള്‍ പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. അജീഷിന്റെ ക്രിമിനല്‍ പശ്ചാത്തലവും പോലീസ് പരിശോധിക്കുന്നു. ആറ്റിങ്ങല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി രാജേഷ്‌കുമാര്‍, എസ് ഐ മാരായ ജിബി , ഐ വി ആശ , എ എസ് ഐ ജയന്‍, പോലീസുകാരായ ഡിനോര്‍, രേഖ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത ലക്ഷ്മിയെ കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker