ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവാവും സുഹൃത്തുക്കളും തമ്മില്‍ ഏറ്റുമുട്ടി; അത്യാഹിത വിഭാഗം അടിച്ച് തകര്‍ത്തു

കൊച്ചി: ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ യുവാവും സുഹൃത്തുക്കളും തമ്മില്‍ ഏറ്റുമുട്ടി. പറവൂര്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം. അക്രമികള്‍ ആശുപത്രിയുടെ അത്യാഹിതവിഭാഗം അടിച്ചു തകര്‍ത്തു. മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ മൂന്നരയോടെയാണ് ചികില്‍സ തേടിയെത്തിയ യുവാവും സുഹൃത്തുക്കളുമാണ് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

വിരലില്‍ മുറിവേറ്റ കെടാമംഗലം സ്വദേശി അഖിലിന് ചികില്‍സ തേടിയാണ് മൂവര്‍ സംഘം ആശുപത്രിയില്‍ എത്തിയത്ത്. രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ മുറിവ് പരിശോധിക്കുന്നതിനിടെ ചികില്‍സയുടെ ആവശ്യമില്ലെന്ന് പറഞ്ഞ് അഖില്‍ എണീറ്റ് പോകാന്‍ ശ്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇത് തടഞ്ഞതോടെ യുവാവ് സുഹൃത്തിനെ മര്‍ദിച്ചു. ഇതോടെ അത്യാഹിതവിഭാഗത്തില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടി. ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ച മൂന്നാമനും എത്തിയതോടെ കൂട്ടത്തല്ലായി. അത്യാഹിത വിഭാഗത്തിന്റെ വാതിലും അകത്തെ ക്യാബിനും തകര്‍ന്നു. മരുന്നുകളും ഉപകരണങ്ങളുമെല്ലാം നശിപ്പിച്ചു.

തുടര്‍ന്ന് ഡ്യൂട്ടി ഡോക്ടറും രോഗികളും കൂട്ടിരിപ്പുകാരും ചേര്‍ന്ന് പെട്ടെന്ന് തന്നെ ആശുപത്രി കവാടം അടയ്ക്കുകയും പൊലീസിനെ വിളിച്ചു വരുത്തുകയും ചെയ്തു. പോലീസ് എത്തിയതോടെ രോഗിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപെട്ടു. പോലീസ് ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന അഖിലിനെ, ഇയാളുടെ പിതാവിനെ വിളിച്ചു വരുത്തി അനുനയിപ്പിച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ട് പോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News