പ്രണയ വിവാഹത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തു; യുവതിയുടെ വീടിന് മുന്നില്‍ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു
ചെന്നൈ: പ്രണയ വിവാഹത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് യുവാവ് യുവതിയുടെ വീടിന് മുന്നില്‍ എത്തി തീകൊളുത്തി ആത്മഹത്യ ചെയ്തു. 25കാരനായ വിജയ് ആണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. തമിഴ്നാട്ടിലെ ശിവഗംഗയിലാണ് സംഭവം.
എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന കാലം മുതല്‍ വിജയ്യും അപര്‍ണശ്രീയും പ്രണയത്തിലായിരുന്നു. പഠനം പൂര്‍ത്തിയായ ശേഷം വിജയ് ബന്ധുക്കള്‍ക്കൊപ്പം അപര്‍ണയുടെ വീട്ടിലെത്തി വിവാഹ വിഷയം അവതരിപ്പിച്ചെങ്കിലും വിവാഹത്തിനു വിസമ്മതിച്ച അപര്‍ണയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം അപര്‍ണയുടെ വീട്ടിലെത്തി വിജയ് വീണ്ടും വിവാഹാഭ്യര്‍ഥന നടത്തി. അഭ്യര്‍ഥന നിരസിച്ച മാതാപിതാക്കള്‍, അപര്‍ണ ഇല്ലാതായാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നു യുവാവിനോട് പറയുകയും ചെയ്തു.
തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിപ്പോയ വിജയ്, പെട്രോളുമായി അപര്‍ണയുടെ വീടിനു മുന്നിലെത്തി ദേഹത്തൊഴിച്ചു തീകൊളുത്തുകയായിരുന്നു. അയല്‍വാസികള്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ വിജയ് മരിച്ചു.