കാസർകോട്: പടന്നയില്‍ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മാഫിയ സംഘം ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. പടന്നയിലെ മുസ്ലിം ലീഗില്‍ സീറ്റ് വിഭജനത്തെ ചൊല്ലി തുടക്കം മുതല്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു.
പടന്നയിലെ 13-ാം വാർഡിൽ ആകെയുള്ള 1400 വോട്ടുകളിൽ 1200 വോട്ടുകളും ലീഗ് വോട്ടുകളാണെന്നാണ് യൂത്ത് ലീഗിന്റെ വാദം. മുസ്ലിം ലീഗിന് വലിയ സ്വാധീനമുള്ള പടന്നയിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് സീറ്റ് നൽകാൻ തീരുമാനിച്ചതോടെയാണ് യൂത്ത് ലീഗ് നേതൃത്വം പ്രതിഷേധം തുടങ്ങിയത്. വെള്ളിയാഴ്ച സ്ഥാനാര്‍ഥികൾ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷമായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
സ്ഥാനാർഥി നിർണയത്തിലെ അപാകത ചൂണ്ടിക്കാണിച്ച് പടന്ന പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പി കെ ഖമറുദ്ധീൻ, സെക്രട്ടറി പികെസി മുഹമ്മദ് കുഞ്ഞി, ട്രഷറർ ജലീൽ ഒരുമുക്ക് തുടങ്ങി കമ്മിറ്റിയിലെ മുഴുവൻ പ്രവർത്തകരും രാജിവെച്ചിരുന്നു. നേരത്തെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പഞ്ചായത്ത് കമ്മിറ്റി യോഗത്തിലെത്തി യൂത്ത് ലീഗ് പ്രവർത്തകർ ലീഗ് നേതാക്കളെ ഉപരോധിക്കുകയും മുസ്ലിം ലീഗ് ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു.


