വാഷിങ്ടണ്‍: അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാന്‍ യുക്രൈന് ഒരാഴ്ചത്തെ സമയപരിധി നല്‍കി യുഎസ്. ഇത് അംഗീകരിക്കാത്തപക്ഷം, യുക്രൈന് നല്‍കിവരുന്ന ആയുധവിതരണം വെട്ടിക്കുറയ്ക്കുമെന്നും അവര്‍ക്ക് രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കുന്നത് നിര്‍ത്തലാക്കുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി.
സമാധാന ചര്‍ച്ചകളുടെ മുന്‍ ഘട്ടങ്ങളേക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദം വാഷിംഗ്ടണ്‍ ഇപ്പോള്‍ യുക്രൈനിനുമേല്‍ ചെലുത്തുന്നതായി ഔദ്യോഗികതലത്തിലുള്ള, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ടുപേരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതുകൂടാതെ, നിര്‍ദ്ദിഷ്ട കരാറിന്റെ ചട്ടക്കൂടില്‍ അടുത്ത വ്യാഴാഴ്ചയ്ക്കകം കീവ് ഒപ്പുവെക്കണമെന്ന് യുഎസ് ആഗ്രഹിക്കുന്നതായും അവര്‍ വെളിപ്പെടുത്തി.
‘അവര്‍ക്ക് യുദ്ധം നിര്‍ത്തണം, അതിന്റെ വില യുക്രൈന്‍ നല്‍കണമെന്നും അവര്‍ ആഗ്രഹിക്കുന്നു.’ അവരിലൊരാള്‍ പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സാധ്യമായ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന യുഎസ് സൈനിക ഉദ്യോഗസ്ഥരുടെ ഒരു സംഘം വ്യാഴാഴ്ച കീവില്‍ വെച്ച് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി ചര്‍ച്ച നടത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുക്രൈനിലെ യുഎസ് അംബാസഡറും പ്രതിനിധി സംഘത്തോടൊപ്പം ഉണ്ടായിരുന്ന സൈന്യത്തിന്റെ പബ്ലിക് അഫയേഴ്സ് മേധാവിയും കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് വിശേഷിപ്പിച്ചു. യുഎസും യുക്രൈനും തമ്മിലുള്ള ഒരു രേഖയില്‍ ഒപ്പുവെക്കണമെന്ന് കര്‍ക്കശമായി ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു.
യുക്രൈന് പരിമിതമായ സുരക്ഷാ ഉറപ്പുകള്‍ നല്‍കുമ്പോള്‍ തന്നെ, യുക്രേനിയന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്നത് ഉള്‍പ്പെടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ ദീര്‍ഘകാലമായുള്ള പല ആവശ്യങ്ങളും യുഎസ് പദ്ധതിയില്‍ അടങ്ങിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രകോപിപ്പിക്കാന്‍ മടിച്ച്, വളരെ ശ്രദ്ധയോടെയാണ് യുക്രൈന്‍ ഈ വിഷയങ്ങളിലെല്ലാം പ്രതികരിച്ചത്. കൂടാതെ അമേരിക്കന്‍ സമാധാന ശ്രമങ്ങളെ പ്രത്യേകമായി പ്രശംസിക്കുകയും ചെയ്തു.
ജര്‍മ്മനി, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ വെള്ളിയാഴ്ച സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിക്കുകയും റഷ്യയുമായുള്ള യുദ്ധത്തില്‍ തങ്ങളുടെ പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ എന്നിവര്‍ യുക്രൈനില്‍ ‘ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിലേക്കുള്ള വഴിയില്‍ തങ്ങളുടെ മാറ്റമില്ലാത്തതും പൂര്‍ണവുമായ പിന്തുണ’ സെലന്‍സ്‌കിക്ക് ഉറപ്പ് നല്‍കിയതായി മെര്‍സിന്റെ ഓഫീസ് അറിയിച്ചു.


