ചികിത്സ വൈകിയെന്നാരോപിച്ച് ആശുപത്രിയുടെ ചില്ലുവാതില്‍ ഇടിച്ചു പൊട്ടിച്ചു; കൈ ഞരമ്പ് മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ചെന്നൈ: ആശുപത്രിയിലെ ചില്ലുവാതില്‍ ഇടിച്ചു പൊട്ടിച്ച യുവാവിന് കൈഞരമ്പ് മുറിഞ്ഞ് ദാരുണാന്ത്യം. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ രമണ നഗര്‍ സ്വദേശി കെ അരസു (22) ആണ് മരിച്ചത്. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചികിത്സിക്കാന്‍ വൈകിയതിന്റെ ദേഷ്യത്തിലാണ് യുവാവ് ചില്ലുവാതില്‍ ഇടിച്ചു പൊട്ടിച്ചത്.

പുതുവത്സരാഘോഷത്തിനിടെ രാത്രി ബൈക്കില്‍ നിന്നു വീണ് കൈയില്‍ ചെറിയ പരിക്കേറ്റപ്പോഴാണ് അരസുവിനെ സുഹൃത്തുക്കള്‍ തിരുഭുവനൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ആശുപത്രി ജീവനക്കാര്‍ യുവാവിനെ ചികിത്സിക്കാന്‍ വൈകിയതായി പറയുന്നു. കാത്തിരുന്ന് മുഷിഞ്ഞ അരസു ദേഷ്യത്തില്‍ ആശുപത്രിയിലെ ഒരു ചില്ലുവാതില്‍ കൈകൊണ്ട് ഇടിച്ചു പൊട്ടിക്കുകയായിരുന്നു.

പൊട്ടിയ ചില്ലില്‍ കൊണ്ട് യുവാവിന്റെ കൈയിലെ ഞരമ്പ് മുറിഞ്ഞു. ചില്ലുപൊട്ടിച്ച് അക്രമം കാണിച്ചതിനാല്‍ രക്തം വാര്‍ന്ന് മയങ്ങി വീണിട്ടും യുവാവിനെ ആശുപത്രി ജീവനക്കാര്‍ അവഗണിച്ചെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. പിന്നീട്, യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞത്.

വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി തിരുഭുവനൈ പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News