എറണാകുളം: കൊച്ചി കോര്‍പറേഷന്റെ പുതിയ ഓഫീസ് കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ സ്വദേശി അസ്ഹറുദീന്റേത് അപകട മരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് സംഘര്‍ഷമുണ്ടായതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കോട്ടയത്ത് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ശിവപുരം സ്വദേശി അസ്ഹറുദീനെ ചൊവ്വ വൈകീട്ട് അഞ്ചരയോടെയാണ് കൊച്ചി കോര്‍പറേഷന്റെ പുതിയ ഓഫീസ് കെട്ടിടത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് മുറിയില്‍ അഴുകിയനിലയിലായിരുന്നു മൃതദേഹം. നിലനിരപ്പില്‍നിന്ന് താഴെയുള്ള ഭാഗത്തേയ്ക്ക് അബദ്ധത്തില്‍ വീണുപോയതെന്നാണ് നിഗമനം. കഴിഞ്ഞ പത്തൊന്‍പതിന് പെണ്‍ സുഹൃത്തിനെ കാണാനാണ് അസ്ഹറുദീന്‍ കൊച്ചിയിലെത്തിയത്. ഇരുവരും മറൈന്‍ ഡ്രൈവ് ഭാഗത്തുവച്ച് പരസ്പരം കണ്ടിരുന്നു.
അതിനുശേഷം ശുചിമുറിയില്‍ പോയിട്ടുവരാമെന്നു പറഞ്ഞ് രാത്രി ഏഴരയോടെ പോയ അസ്ഹറുദീനെ കാണാതായി. ഫോണില്‍വിളിച്ചിട്ടും മറുപടിയുണ്ടായിരുന്നില്ല. ഇതോടെ പെണ്‍സുഹൃത്ത് ഇവിടെ നിന്നും മടങ്ങി. അഹ്‌സറുദീനെ കാണാനില്ലെന്ന പരാതിയില്‍ കോട്ടയം വെസ്റ്റ് പൊലീസും സൈബര്‍ സെല്ലും നടത്തിയ പരിശോധനയില്‍ പുതിയ കോര്‍പറേഷന്‍ ഓഫിസിന്റെ പരിസരത്ത് എത്തിയതായി വിവരം ലഭിച്ചു.
ബന്ധുക്കളെയുംകൂട്ടി പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. വീണുണ്ടായ പരുക്കുമാത്രമാണ് കണ്ടെത്താനായത്. മരണത്തില്‍ മറ്റെന്തെങ്കിലും ഇടപെടലുണ്ടായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.