തിരുവനന്തപുരം: കാളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാറിനുള്ളിൽ കഴുത്തറുത്ത നിലയിലായിരുന്നു. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കരമന സ്വദേശിയായ എസ് ദീപുവിനെ ( 44 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിസിനസ്സ് ആവശ്യത്തിനായി വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു ദീപു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ തമിഴ്നാട് പോലീസിന്റെ പട്രോളിംഗിന് ഇടെയാണ് മൃതദേഹം കണ്ടെത്തിയത്.
കാർ വഴിയരികിൽ നിർത്തിയിട്ട നിലയിലായിരുന്നു. കാറിന്റെ ഇൻഡിക്കേറ്റർ പ്രവർത്തിച്ചുകൊണ്ടിരുന്നതിനാൽ പോലീസ് വാഹനത്തിന് സമീപം എത്തുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലാണ് യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ ദീപുവിന്റെ കൈവശം 10 ലക്ഷം രൂപയോളം ഉണ്ടായിരുന്നു.
കാറിന്റെ ഡിക്കി തുറന്ന് കിടക്കുകയായിരുന്നു. കഴുത്ത് 70 ശതമാനവും അറുത്തനിലയിലാണ്. ദീപുവിന് മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെ സി ബിയും മറ്റും വാങ്ങുന്നതിനായി രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണ് വീട്ടുകാരുടെ മൊഴി.
പണം തട്ടിയെടുക്കുന്നതിനിടെയുള്ള കൊലപാതകം ആകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദീപുവിന്റെ മൃതദഹേം കുഴിത്തറ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തക്കല എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.