KeralaNews

ഇ പി ജയരാജനെതിരായ വധശ്രമകേസിൽ മൊഴി നൽകാൻ പൊലിസിൽ ഹാജരാകില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

തിരുവനന്തപുരം: ഇ പി ജയരാജനെതിരായ വധശ്രമകേസിൽ മൊഴി നൽകാൻ വലിയ തുറ പൊലിസിൽ ഹാജരാകില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ വധ ശ്രമ കേസിലെ പ്രതികൾ കൂടിയായ ഫർസീൻ മജീദും നവീൻ കുമാറുമാണ് മൊഴി നൽകാൻ വരില്ലെന്ന് തിരുവനന്തപുരം വലിയതുറ എസ് എച്ച് ഒയെ അറിയിച്ചത്. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്നാണ് ഇവർക്ക് ജാമ്യം നൽകിക്കൊണ്ട് കോടതി വ്യക്തമാക്കിയത്. ജാമ്യ വ്യവസ്ഥകൾ നിലനിൽക്കുന്നതിനാൽ മൊഴി നൽകാൻ തിരുവനന്തപുരത്തേക്ക് വരില്ലെന്നാണ് ഇരുവരുടെയും നിലപാട്. നാളെയും മറ്റന്നാളുമായി ഹാജരാകാനായിരുന്നു നോട്ടീസ്.

ഇപി ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൊഴി രേഖപ്പെടുത്താനായി വിളിച്ചുവരുത്തിയത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെ എഫ് എം സി കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. 

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതിയാണ് ഇപിക്ക് തിരിച്ചടിയായത്. ഇവർക്കെതിരായാണ് ഇപി ജയരാജന്റെയും മറ്റും പരാതി. ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം സുനീഷും ഗൺമാൻ അനിൽകുമാറും ചേർന്ന് മർദ്ദിച്ചുവെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് ഇപിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ക്രിമിനൽ ഗൂഡാലോചന, വധശ്രമം, മനപ്പൂർവ്വമല്ലാത്ത നരഹത്യാശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. സംഭവമുണ്ടായതിന് പിന്നാലെ അനിൽകുമാറിൻറെ പരാതിയിൽ യൂത്ത് കോൺഗ്രസ്സുകാർക്കെതിരെ മാത്രമായിരുന്നു പൊലീസ് കേസ്. ഇപിക്കെതിരെയും കേസെടുക്കണമെന്ന പ്രതിപക്ഷ ആവശ്യം പൊലീസ് തള്ളുകയായിരുന്നു.

അനിൽകുമാർ ഔദ്യോഗിക കൃത്യനിർവ്വഹണമാണ് നടത്തിയതെന്നായിരുന്നു വാദം. സദുദ്ദേശത്തോടെ പ്രതിഷേധക്കാരെ നേരിട്ട ഇപി തന്നെ രക്ഷിക്കാൻ ശ്രമിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവർ‍ത്തിച്ചുള്ള ന്യായീകരണം. വലിയ കുറ്റം ഇപിയാണ്  ചെയ്തെന്ന് കണ്ടെത്തി ഇൻഡിഗോ വിമാന കമ്പനിയുടെ യാത്രാ വിലക്കായിരുന്നു സർക്കാറിനുള്ള ആദ്യ തിരിച്ചടി, രണ്ടാം പ്രഹരമാണ് ഇപിക്കെതിരായ കേസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button