KeralaNews

പൂച്ചയുമായി പ്രതിഷേധിക്കാനെത്തി യൂത്ത് കോണ്‍ഗ്രസ്; നേതാവിനെ പൂച്ച മാന്തി, വാക്‌സിനെടുത്ത് മടങ്ങി

പാലക്കാട്: സര്‍ക്കാര്‍ ആശുപത്രികളില്‍ പേവിഷ ബാധക്കെതിരെയുള്ള (Anti Rabies vaccine)  വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൂച്ചയുമായി പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് (Youth congress) നേതാവിനെ പൂച്ച മാന്തി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് (Palakkad district hospital) സംഭവം. ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കാന്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ പൂച്ചയുമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍, സൂപ്രണ്ടിനെ കാണാന്‍ പോകവെ പൂച്ച പെട്ടിയില്‍ നിന്ന് നാടി. പൂച്ചയെ പിടിക്കാനുള്ള ശ്രമത്തിനിടെ നിയോജക മണ്ഡലം പ്രസിഡന്റ് കെ. സദ്ദാം ഹുസൈന്റെ കൈയില്‍ പൂച്ച മാന്തി ഓടി രക്ഷപ്പെട്ടു. ആശുപത്രിയില്‍ നിന്ന് പേവിഷ ബാധക്കെതിരെയുള്ള കുത്തിവെപ്പെടുത്താണ് നേതാവ് മടങ്ങിയത്.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. സദ്ദാം ഹുസൈന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം എം. പ്രശോഭ്, നഗരസഭാ അംഗങ്ങളായ അനുപമ നായര്‍, പി.എസ്. വിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. വാക്‌സീന്‍ ക്ഷാമം പരിഹരിക്കാമെന്ന് സൂപ്രണ്ട് ഉറപ്പ് നല്‍കിയതിന് ശേഷമാണ് സമരക്കാര്‍ മടങ്ങിയത്. സ്ഥലത്ത് പൊലീസുമെത്തിയിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ പേവിഷത്തിനെതിരെയുള്ള വാക്‌സീന്‍ ക്ഷാമം നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ നിന്നുള്ള വിതരണം വൈകുന്നതാണ് ക്ഷാമത്തിന് കാരണമെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും സൂപ്രണ്ട് സമരക്കാരെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button