തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് പരാതി. രമേശ് ചെന്നിത്തലയ്ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടാണ് സോണിയ ഗാന്ധിക്ക് പരാതി പോയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാനാണ് പരാതിക്കാരൻ. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ നവമാധ്യമങ്ങളിൽ പ്രചാരണത്തിന് നിര്‍ദേശം നല്‍കിയത് രമേശ് ചെന്നിത്തലയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. ചെന്നിത്തലയുടേത് എന്ന പേരിൽ പുറത്തു വന്ന ഓഡിയോ സന്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് പരാതി.
കെസിക്കെിരെ പോസ്റ്റിടാൻ നിർദ്ദേശം നൽകുന്ന ശബ്ദം ചെന്നിത്തലയുടേതാണ് എന്ന പ്രചാരണം കോൺഗ്രസ് സൈബർ സ്പേസിൽ ശക്തമാണ്. എന്നാൽ ആ ശബ്ദം രമേശ് ചെന്നിത്തലയുടേതല്ലെന്നും ഫേക്കാണെന്നുമാണ് ചെന്നിത്തല അനുകൂലികളുടെ വിശദീകരണം. എന്നാൽ കെസി വേണുഗോപാലിനും തനിക്കുമെതിരായി നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ ചെന്നിത്തല ബ്രിഗേഡിനെ വിഡി സതീശൻ സംശയിക്കുന്നുണ്ട്.
നേരിട്ട് പോസ്റ്റിട്ടാൽ പോലും ഹാക്ക് ചെയ്തെന്ന വാദം നിരത്തി രക്ഷപ്പെടാമെന്നുള്ളതിനാൽ മുതിർന്ന നേതാക്കളും സൈബറിടത്തെ ഒളിപ്പോരിൽ പിന്നിലല്ല. ലിജുവിനെ വെട്ടി ജെബി മേേത്തറിന് രാജ്യസഭാ സീറ്റ് നൽകിയതിലുള്ള സൈബർ യുദ്ധത്തിൽ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിൻ്റെ എഫ് ബി അക്കൗണ്ടിൽ നിന്നും ചെന്നിത്തലക്കെതിരെ പോസ്റ്റ് വന്നു. അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന മധു വിശദീകരിച്ചെങ്കിലും നടപടി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതാക്കൾ കെസുധാകരന് പരാതി നൽകിയിട്ടുണ്ട്.
ഫ്ളാറ്റിന് വേണ്ടിയാണെങ്കിൽ ബിഗ് ബോസിൽ പോോകാമായിരുന്നുവെന്ന് ജെബിക്ക് സീറ്റ് നൽകിയതിന് പിന്നാല പോസ്റ്റിട്ട് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് സ്നേഹയെ നേതൃപദവിയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടന്നാണ് സ്നേഹ പറയുന്നത്.