KeralaNews

തവനൂരില്‍ ഫിറോസ് കുന്നുംപറമ്പിലിനെ മത്സരിപ്പിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ എതിര്‍പ്പുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. സ്ഥാനാര്‍ഥിയെ കെട്ടിയിറക്കരുതെന്ന ആവശ്യവുമായി യൂത്ത്‌കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി.

തവനൂരില്‍ സ്ഥാനാര്‍ഥിയായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കണം. സ്ഥാനാര്‍ഥികളെ നൂലില്‍ കെട്ടിയിറക്കുന്നത് വിജയ സാധ്യതയെ ബാധിക്കും തുടങ്ങിയ കാര്യങ്ങളാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രമേയത്തില്‍ പറയുന്നത്. നേരത്തെ, എതിരാളി ആരാണെങ്കിലും തവനൂരില്‍ നിന്ന് ജനവിധി തേടുമെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞിരുന്നു. മന്ത്രി കെ.ടി ജലീലാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

അതേസമയം പാലക്കാട് ജില്ലയില്‍ മൂന്ന് സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാലക്കാട്ടെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുകയാണ്. മലമ്പുഴ മണ്ഡലം ജനതാദള്‍ ജോണ്‍ ജോണ്‍ വിഭാഗത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ പുതുശ്ശേരിയില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

പാലക്കാട് ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ച കോങ്ങാട് മണ്ഡലം മുസ്ലിം ലീഗിനും, മലമ്പുഴ ജനതാദള്‍ ജോണ്‍ ജോണ്‍ വിഭാഗത്തിനും നെന്മാറ സിഎംപിക്കുമാണ് കോണ്‍ഗ്രസ് നേതൃത്വം വിട്ടുനല്‍കിയത്. ഇതിനെതിരെ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുയാണ്. മലമ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി.

മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജി ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്. കോങ്ങാടും, നെന്മാറയിലും സമാനമായ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ പ്രതിഷേധങ്ങള്‍ ഒന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് നെന്മാറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എന്‍ വിജയകൃഷ്ണന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button