ഒറ്റപ്പാലം: സംസ്ഥാനമൊട്ടാകെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ശക്തമായ പ്രതിഷേധം. ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. കെപിസിസി സെക്രട്ടറിയായ പി ഹരിഗോവിന്ദനെ മണ്ഡലത്തിൽ മത്സരിപ്പിക്കാനുളള നീക്കത്തിനെതിരെയാണ് പ്രതിഷേധം.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. സരിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സരിന്റെ പേര് നേരത്തെ മണ്ഡലത്തിൽ സജീവചർച്ചയായിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ ഹരിഗോവിന്ദന്റെ പേര് ഉയർന്നു വരികയായിരുന്നു.
ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഓഫീസാണ് പ്രവർത്തകർ താഴിട്ട് പൂട്ടിയത്. സരിന് അനുകൂലമായും കെപിസിസിക്കെതിരേയും മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ഡോ സരിനെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ കെപിസിസിയുടെയും എഐസിസിയുടെയും തീരുമാനത്തെ വെട്ടിമാറ്റി മുന്നോട്ടുപോകുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും ഉൾപ്പെടെ കൂട്ടരാജിക്ക് ഒരുങ്ങി നിൽക്കുകയാണെന്നും പ്രവർത്തകർ ഭീഷണി മുഴക്കി.
അതിനിടെ പ്രാദേശിക പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മലമ്പുഴയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കാന്‍ ധാരണയായി. ഭാരതീയ രാഷ്ട്രീയ ജനതാദളിന് നല്‍കിയ സീറ്റ് തിരിച്ചെടുത്തു. ദുര്‍ബലരായ ഘടക കക്ഷികള്‍ക്ക് മലമ്പുഴ കൈമാറുന്നതിനെതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മലമ്പുഴ സീറ്റ് വേണ്ടെന്ന് ഭാരതീയ നാഷണല്‍ ജനതാദള്‍ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു.
മലമ്പുഴ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന കലാപത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന വിലയിരുത്തലും മലമ്പുഴ കൈവിടാന്‍ കാരണമായി. ഇന്നലെ രാത്രി മുതല്‍ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുയര്‍ത്തിയത്.
ബിജെപിയെ സഹായിക്കാനാണ് ദുര്‍ബലരായ ഘടകകക്ഷിക്ക് സീറ്റ് വച്ചു നീട്ടിയതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്. പുതുശേരിയില്‍ ഇന്നും പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ഡിസിസി ഭാരവാഹികളുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനും വിളിച്ചു.എലത്തൂര്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ അഡ്വ. ജോണ്‍ ജോണ്‍ വ്യക്തമാക്കി.