തിരുവനന്തപുരം:അമ്മയുമായി ബലിതർപ്പണത്തിന് പോയ യുവാവിൽ നിന്നും രണ്ടായിരം രൂപ പിഴയീടാക്കിയ പൊലീസ് 500 രൂപയുടെ രസീത് നൽകിയെന്ന് പരാതി. ശ്രീകാര്യം പൊലീസിനെതിരെ വെഞ്ചാവോട് സ്വദേശി നവീനാണ് ആരോപണം ഉന്നയിച്ചത്
ഇന്ന് രാവിലെ രാവിലെ കാറിൽ അമ്മയുമായി ശ്രീകാര്യം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് പോയ നവീനെ പൊലീസ് തടയുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് രണ്ടായിരം രൂപ പിഴ നൽകാൻ ആവശ്യപ്പെട്ടത്. സത്യവാങ്മൂലം പോലും പൊലീസ് ചോദിച്ചില്ലെന്നാണ് നവീന്‍റെ പരാതി.
കൈവശം പണമില്ലാത്തതിനാൽ എടിഎമ്മിൽ നിന്ന് പണമെടുത്ത് സ്റ്റേഷനിലെത്തി രണ്ടായിരം രൂപ പിഴയടച്ചുവെങ്കിലും പൊലീസ് നൽകിയത് 500 രൂപ രസീത്. വീട്ടിലെത്തിയശേഷമാണ് തുക ശ്രദ്ധിച്ചതെന്ന് നവീൻ പറയുന്നു.
എഴുതിയതിൽ സംഭവിച്ച പിഴവാണെന്നാണ് പൊലീസിൻറെ വിശദീകരണം. ഇതറിയിക്കാൻ ഫോണിൽ വിളിച്ചുവെന്നും നവീൻ ഫോണ്‍ എടുത്തില്ലെന്നുമാണ് ശ്രീകാര്യം പൊലീസിന്‍റെ മറുപടി. രണ്ടായിരം രൂപക്കുള്ള കേസാണ് എടുത്തെന്നും സ്റ്റേഷൻ അക്കൗണ്ടിൽ പണമുണ്ടെന്നും വിശദീകരിക്കുന്നു.
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി മൂപ്പനെയും മകനെയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് എസ് പി പരാതിയെ കുറിച്ച് സത്യസന്ധവും സുതാര്യവുമായി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു.
റിപ്പോർട്ട് ലഭിച്ച ശേഷം പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയുമാണ് അട്ടപ്പാടിയില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തത്. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീസ് നടപടി.
മുരുകന്‍റെ പതിനേഴുവയസുള്ള മകനെ പൊലീസ് ഉദ്യോഗസ്ഥന്‍ മുഖത്തടിച്ചെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചുവെന്നും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് വിശദീകരണം.