CrimeKeralaNews

6 മാസം ജയിലിൽ, പുറത്തിറങ്ങി വീണ്ടും പണി തുടങ്ങി; 6 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കഞ്ചാവുമായി പൊലീസ് പിടികൂടി. പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട സ്വദേശി പാറേമ്മല്‍ ലത്തീഫി(44)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ആറ് കിലോ കഞ്ചാവ് കണ്ടെടുത്തു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കാപ്പ നിയമം ചുമത്തി ജയിലില്‍ അടച്ചിരുന്ന പ്രതിയെ ആണ് ജയിൽ മോചിതനായി മാസങ്ങൾക്കുള്ളിൽ വീണ്ടും പൊലീസ് പിടികൂടിയത്

നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ഉയാളെ പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കലക്ടര്‍ കാപ്പ നിയമം ചുമത്തി ആറുമാസം കരുതല്‍ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഫെബ്രുവരി ആറിനാണ് ഇയാള്‍ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയത്.

ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവെച്ചാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്.ഐയും സംഘവും ലത്തീഫിനെ പിടികൂടുന്നത്. സംശയ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. 

നേരത്തേ കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് കേസുകളിലായി ലത്തീഫ്  ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ രണ്ട് കേസുകളില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. മോഷണം, അടിപിടി തുടങ്ങിയ കേസുകളും ഇയാളുടെ പേരില്‍ ഉണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button