കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവിനെ പോലീസ് അതി വിദഗ്ധമായി പിടികൂടി. തിങ്കളാഴ്ച വൈകിട്ട് പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് പന്തീരങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഉടന്‍തന്നെ പോലീസ് നഗരത്തിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് റയില്‍വേ സ്റ്റേഷനിലെ നാല്‍പ്പതോളം സിസി ടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ ഒന്നില്‍ നിന്നാണ് പെണ്‍കുട്ടി ഒരാള്‍ക്കൊപ്പം നടന്നുപോകുന്നതിന്റെയും കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചത്. ടിക്കറ്റെടുത്ത സമയം കൗണ്ടറില്‍ പരിശോധിച്ചപ്പോള്‍ കൊല്ലത്തേക്കുള്ള ട്രെയിനിലാണ് ഇരുവരും പോയതെന്ന് പന്തീരങ്കാവ് പോലീസ് മനസിലാക്കി.
തുടര്‍ന്ന് പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് കൊല്ലത്ത് ട്രെയിന്‍ പരിശോധിച്ചെങ്കിലും ഇവര്‍ ബുക്ക് ചെയ്ത സീറ്റില്‍ കോഴിക്കോട് നിന്നും ആരും കയറിയിട്ടില്ലെന്ന് കണ്ടെത്തി. എങ്കിലും പിന്‍മാറാതെ പോലീസ് ഇരുവരും ടിക്കറ്റ് കൗണ്ടറില്‍ കൊടുത്ത വിവരങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ശേഖരിച്ചു.
എന്നാല്‍ അതില്‍ ഫോണ്‍ നമ്പരില്ല, അജാസെന്ന പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതേ പേരുള്ളവരെ ഫെയ്സ് ബുക്കില്‍ തിരഞ്ഞ് അതിലെ ഫോണ്‍നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിന്‍ശോധിച്ചപ്പോള്‍ അതില്‍ ഒരു നമ്പരിന്റെ ലൊക്കേഷന്‍ കൊട്ടരക്കരയെന്ന് കണ്ടെത്തി.
ഉടന്‍തന്നെ ചടയമംഗലം പോലീസ് കൊട്ടാരക്കരയില്‍ നിന്ന് തിരിച്ചിട്ടുള്ള മൂന്ന് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചു. ഇതിലൊന്നില്‍ നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ യുവാവ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ടതും ആശയ വിനിമയം നടത്തിയിരുന്നതും.