കൊച്ചി: നഗരത്തിൽ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് പിടികൂടിയത് ഒരുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ. പോലീസിനെ ആഴ്ചകളോളം വട്ടംകറക്കിയ കോട്ടയം കുറവിലങ്ങാട് സ്വദേശി ഇമ്മാനുവലി(31)നെയാണ് കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേകസംഘം കഴിഞ്ഞദിവസം പിടികൂടിയത്. ഇയാൾക്കെതിരേ ഇതുവരെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തതായി കൊച്ചി ഡി.സി.പി. വി.യു. കുര്യാക്കോസ് പറഞ്ഞു. കൂടുതൽ പേർ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് സംശയമെന്നും അങ്ങനെയുള്ളവർ പരാതിയുമായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരുമാസമായി കൊച്ചി നഗരത്തിൽ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ ഇയാൾ നിരന്തരം ശല്യംചെയ്തുവരികയായിരുന്നു. മൂവാറ്റുപുഴയിലെ സ്ഥാപനത്തിൽ എൻജിനീയറായി ജോലിചെയ്യുന്ന പ്രതി സ്കൂട്ടറിലെത്തിയാണ് സ്ത്രീകളെ ഉപദ്രവിച്ചിരുന്നത്. നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപിടിക്കുന്നതും ഇവർക്ക് നേരേ നഗ്നതാ പ്രദർശനം നടത്തുന്നതുമായിരുന്നു ഇയാളുടെ രീതി. സ്ത്രീകൾ പ്രതികരിക്കാൻ തുടങ്ങുന്നതോടെ അതിവേഗത്തിൽ സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു പതിവ്.
സ്ത്രീകളെ ശല്യംചെയ്യുന്നുവെന്ന പരാതി പതിവായതോടെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പ്രത്യേകസംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽനിന്ന് യുവാവിനെ കണ്ടെത്തിയെങ്കിലും സ്കൂട്ടറിന് നമ്പർ പ്ലേറ്റ് ഇല്ലാത്തതും ഹെൽമെറ്റ് ധരിച്ചതും ആളെ തിരിച്ചറിയാൻ വെല്ലുവിളിയായി. തുടർന്ന് ആഴ്ചകളോളം രഹസ്യനിരീക്ഷണം നടത്തിയാണ് പ്രതിയെ വലയിലാക്കിയത്.
മൂവാറ്റുപുഴയിൽ എൻജിനീയറായി ജോലിചെയ്യുന്ന യുവാവ് അതിരാവിലെയാണ് സ്ത്രീകളെ ഉപദ്രവിക്കാനായി കൊച്ചി നഗരത്തിലേക്ക് വരുന്നത്. രാവിലെ മൂവാറ്റുപുഴയിൽനിന്ന് സ്കൂട്ടർ ഓടിച്ച് കൊച്ചിയിലെത്തുന്ന ഇയാൾ സ്ത്രീകളെ ഉപദ്രവിച്ച ശേഷം തിരികെ മടങ്ങും. നമ്പർ പ്ലേറ്റില്ലാത്ത വെളുത്ത സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ചായിരുന്നു യാത്ര. മിക്കദിവസവും ഇയാൾ 100 കിലോമീറ്ററോളം സ്കൂട്ടറിൽ സഞ്ചരിക്കാറുണ്ടെന്നും പോലീസ് പറയുന്നു.
അറസ്റ്റിലായ ഇമ്മാനുവലിന്റെ മൊബൈൽ ഫോണുകൾ വിശദമായ പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ അംഗമായ ചില വാട്സാപ്പ് ഗ്രൂപ്പുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ദിവസവും സ്ത്രീകൾക്ക് നേരേ നടത്തുന്ന ലൈംഗികാതിക്രമങ്ങളുടെ വിവരണം ഇയാൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നതായും പോലീസ് പറയുന്നു.