പരീക്ഷയ്‌ക്കെല്ലാം ഫുള്‍ മാര്‍ക്ക്; 104ാം വയസ്സിലും ജെയിംസ് സ്മാര്‍ട്ടാണ്

തിരുവനന്തപുരം: പഠനത്തിന് പ്രായം തടസ്സമല്ല, പഠിയ്ക്കാനുള്ള മനസ്സുണ്ടെങ്കില്‍ ഏത് പ്രായത്തിലും ഏതൊരാള്‍ക്കും വിദ്യാര്‍ഥിയാകാം. അതിനുള്ള ഉദാഹരണമാണ് 104ാം വയസ്സിലും നല്ല മിടുക്കന്‍ വിദ്യാര്‍ഥിയായിരിക്കുന്ന വിളപ്പില്‍ശാല സ്വദേശി ജെയിംസ്.

ഈ പ്രായത്തിലും മിടുക്കനാണെന്ന് മാത്രം പറഞ്ഞാല്‍ പോരാ. പരീക്ഷയ്‌ക്കൊക്കെ മുഴുവന്‍ മാര്‍ക്കാണ് ജെയിംസ് സ്വന്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സാക്ഷരതാ പരീക്ഷയില്‍ 150 മാര്‍ക്കാണ് ജെയിംസ് സ്വന്തമാക്കിയത്.

ഒരു പതിറ്റാണ്ടിന് മുമ്പുള്ള സ്‌കൂള്‍ കാലമൊക്കെ ജയിംസിന് ഇന്നും ഓര്‍മ്മയുണ്ട്.
നാലാം ക്ലാസ് വരെ മാത്രമേ പള്ളിക്കൂടത്തില്‍ പോയിട്ടുള്ളൂ. എന്നാല്‍ അന്ന് പഠിച്ച കഥയും കവിതയും കടങ്കഥയുമെല്ലാം ഇന്നും ജെയിംസിന്റെ ഓര്‍മയിലുണ്ട്. സംസ്ഥാന സാക്ഷരതാ മിഷന്റെ പഠന ലിഖ്ന അഭിയാന്‍ പദ്ധതിയില്‍ ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ജെയിംസ്. കഴിഞ്ഞ ദിവസം നടന്ന പൊതുപരീക്ഷയില്‍ ജെയിംസിന് കിട്ടിയത് ഫുള്‍ മാര്‍ക്ക്.

കൃത്യമായ ജീവിത ശൈലിയാണ് ജെയിംസ് പിന്തുടരുന്നത്. അതുകൊണ്ട് തന്നെ കാര്യമായ രോഗങ്ങളൊന്നും ജെയിംസിനെ ഇതുവരെ ബാധിച്ചിട്ടില്ല. കേള്‍വി കുറവുണ്ടെങ്കിലും കണ്ണടയുടെ സഹായമില്ലാതെയാണ് ഇന്നും പത്രവായന. എഴുതാനൊക്കെ നന്നായിട്ട് അറിയാം. എഞ്ചുവടിയെല്ലാം ഇന്നും മനഃപാഠമാണ്.

എന്നും പത്രം വായിക്കും. പത്ര വായനയാണ് ഹോബി. ഒരു ദിവസം പത്രം വായിച്ചില്ലെങ്കില്‍ പപ്പയ്ക്ക് ഭയങ്കര വിഷമമാണെന്ന് മകള്‍ പറയുന്നു. വിളപ്പില്‍ശാല നെടുങ്കുഴിയിലെ വീട്ടില്‍ അഞ്ചുപെണ്‍മക്കളുടെയും 10 ചെറുമക്കളുടെയും അവരുടെ 8 മക്കളുടെയുമെല്ലാം കരണവരാണ് ജെയിംസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News