സ്‌കൂട്ടര്‍ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി സ്വര്‍ണം കവര്‍ന്നു; കായംകുളത്ത് യുവാവ് അറസ്റ്റില്‍

കായംകുളത്ത് സ്‌കൂട്ടര്‍ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി സ്വര്‍ണം കവര്‍ന്നു; യുവാവ് അറസ്റ്റില്‍

കായംകുളം: സ്‌കൂട്ടര്‍ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ പത്തിയൂര്‍തോട്ടം വേളൂര്‍ പുത്തന്‍വീട്ടില്‍ പാര്‍ഥന്‍ (ശംഭു-27) അറസ്റ്റില്‍. സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന ടെക്‌സ്റ്റൈല്‍ ജീവനക്കാരിയായ യുവതിയെയാണ് അടിച്ച് താഴെ വീഴ്ത്തി സ്വര്‍ണം കവര്‍ന്നത്. പിന്നാലെ ബൈക്കിലെത്തി യുവതിയുടെ കൈയില്‍ ആഞ്ഞടിച്ച് റോഡില്‍ മറിച്ചിട്ടു.

അതിനുശേഷം കൈയില്‍ക്കിടന്ന അരപ്പവന്‍ തൂക്കമുള്ള സ്വര്‍ണച്ചെയിന്‍ ബലമായി വലിച്ചു പൊട്ടിച്ചെടുക്കുകയായിരുന്നു. കായംകുളം ചെട്ടികുളങ്ങര റോഡില്‍ മുക്കവല ജങ്ഷനു തെക്കുവശത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30-നാണ് സംഭവം. യുവതി ജോലികഴിഞ്ഞ് മടങ്ങുകയായിരുന്നു. സംഭവത്തിനുശേഷം ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

നല്ല മഴയും ഇരുട്ടുമുള്ളപ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഹെല്‍മെറ്റും രണ്ടു കൈകളിലും കറുത്ത ഗ്ലൗസും ധരിച്ചെത്തിയാണ് ഇയാള്‍ സ്വര്‍ണം കവര്‍ന്നത്. സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഉപയോഗിച്ച ബൈക്കിന്റെ വിവരങ്ങള്‍ കണ്ടെത്തുകയും പ്രതിയെ അറസ്റ്റുചെയ്യുകയുമായിരുന്നു. ചോദ്യംചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സ്വര്‍ണം ഓച്ചിറയിലെ ഒരു സ്വര്‍ണക്കടയില്‍ വിറ്റതായും പറഞ്ഞു.

പോലീസ് സ്വര്‍ണക്കടയിലെത്തി സിസിടിവി ക്യാമറ പരിശോധിച്ചു. ഇയാള്‍ സ്വര്‍ണം കടയില്‍ വില്‍ക്കുന്ന ദൃശ്യങ്ങള്‍ ഇതില്‍നിന്നു ലഭിച്ചു. കരീലക്കുളങ്ങര സ്റ്റേഷനിലെ രണ്ടുകേസിലും മാവേലിക്കര സ്റ്റേഷനിലെ ഒരു കേസിലും പ്രതിയാണ്. ഡിവൈഎസ്പി ബിനുകുമാര്‍, സിഐ അരുണ്‍ഷാ, രതീഷ് ബാബു, വിഷ്ണു അജയ്, വിനോദ്, അഖില്‍ മുരളി, പ്രവീണ്‍, അനു, ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News