സ്ത്രീകൾക്ക് 10% വരെ വിലക്കുറവ്; വമ്പൻ പ്രഖ്യാപനവുമായി സപ്ലൈകോ

കൊച്ചി: കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് 10 ശതമാനം വരെ വിലക്കുറവ് നൽകും. ഇത് ഉൾപ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങളുമായി സപ്ലൈകോയുടെ അൻപതാം വാർഷിക ആഘോഷങ്ങൾ സമാപിച്ചു.

സ്വകാര്യ റീട്ടെയിൽ ശൃംഖലകളോട് മത്സരിക്കത്തക്കവിധം സപ്ലൈകോയെ ആകർഷണീയമാക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഓണക്കാലത്ത് 140 നിയോജക മണ്ഡലങ്ങളിൽ തുടങ്ങിയ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ പ്രവർത്തനം തുടരും. മൂന്ന് അത്യാധുനിക സിഗ്നേച്ചർ മാർട്ടുകൾ എറണാകുളം, തലശ്ശേരി, കോട്ടയം എന്നിവിടങ്ങളിൽ അടുത്തമാസം തുടങ്ങും. മാർച്ച് 31-നു മുൻപ് 30 മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോറുകളാകും.

വിപണി ഇടപെടലിന് ഒപ്പം, അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയിൽ ശൃംഖലകളോട് കിടപിടിക്കും വിധത്തിൽ മാർക്കറ്റിങ് രീതികളും സപ്ലൈകോ, ആവിഷ്കരിക്കും. 250 കോടി രൂപ പ്രതിമാസ വിറ്റുവരവാണ് ലക്ഷ്യം.സപ്ലൈകോയിലെ ഉപഭോക്താക്കൾക്ക് വിലക്കുറവ് ലഭ്യമാക്കാൻ പ്രിവിലേജ് കാർഡുകളും ഏർപ്പെടുത്തും. ആറ് പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കും.

ജിഎസ്ടിയിൽ കിട്ടിയ വിലക്കുറവ് സപ്ലൈകോ പൂർണ തോതിൽ ജനങ്ങൾക്ക് കൈമാറിയെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങൾ മറ്റു വില്പനശാലകളിൽ കൂടി വിപണനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ബോൾഗാട്ടിയിൽനടന്ന ചടങ്ങിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷനായിരുന്നു. ജയകൃഷ്ണൻ വി.എം. സപ്ലൈകോയുടെ ഭാവിപരിപാടികൾ വിശദീകരിച്ചു.

സപ്ലൈകോ മുൻ മാനേജിങ് ഡയറക്ടർമാരായ ജിജി തോംസൺ, എം.എസ്. ജയ, പി.എം. അലി അസ്ഗർ പാഷ, ഡോ. സഞ്ജീബ് പട്ജോഷി, ഡോ. ശ്രീറാം വെങ്കിട്ടരാമൻ, സപ്ലൈ കോ ജനറൽ മാനേജർ വി.കെ. അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു.സപ്ലൈകോ മുൻ മാനേജിങ് ഡയറക്ടർമാർ, മുൻ ജനറൽ മാനേജർമാർ ആർ. വേണുഗോപാൽ, ബി. അശോകൻ, മുൻ വിജിലൻസ് ഓഫീസർമാർ ബേസിൽ ജോസഫ്, ഇ. എം. ഷംസു ഇല്ലിക്കൽ, ടോമി സെബാസ്റ്റ്യൻ, സി.എസ്. ഷാഹുൽ ഹമീദ് തുടങ്ങിയവരെ ആദരിച്ചു.

സപ്ലൈകോ ഓണം ലക്കിഡ്രോ ഒന്നാംസമ്മാനം ഒരുപവൻ സ്വർണം ഇടുക്കിയിലെ തേയിലത്തോട്ട തൊഴിലാളി മുനിയമ്മയ്ക്ക് മന്ത്രി സമ്മാനിച്ചു. രണ്ടാം സമ്മാനമായ ലാപ്ടോപ്പ് തൃശ്ശൂർ സ്വദേശി എ.കെ. രത്നം, വടകര സ്വദേശി ആദിദേവ് സി.വി., മൂന്നാം സമ്മാനമായ സ്മാർട്ട് ടിവി കണ്ണൂർ സ്വദേശിനി രമ്യാചന്ദ്രൻ എന്നിവർക്കും സമ്മാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News