മ്ലാവിറച്ചി കഴിച്ചെന്നാരോപിച്ച് ജയിലിലിട്ടത് 35 ദിവസം;പരിശോധനയിൽ പോത്തിറച്ചി, നിയമനടപടിക്ക് യുവാക്കൾ

ചാലക്കുടി: വനംവകുപ്പ് മ്ലാവിറച്ചിയെന്നാരോപിച്ച് പിടികൂടിയത് പരിശോാധനയിൽ മാട്ടിറച്ചിയായി. വനപാലകർ അറസ്റ്റു ചെയ്ത പ്രതികൾക്ക് 35 ദിവസമാണ് ജയിലിൽ കഴിയേണ്ടിവന്നത്. പേരാമ്പ്രയിൽ താമസിക്കുന്ന കല്ലൂർ സ്വദേശി കുറ്റാരപ്പിള്ളി ജോബി (43) ഒന്നാം പ്രതിയും മേച്ചിറ കാര്യാടൻ സുജേഷ് (40) രണ്ടാം പ്രതിയുമായ കേസിലാണ് വഴിത്തിരിവായത്.

കഴിഞ്ഞ സെപ്റ്റംബർ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവംബറിൽ ഹൈക്കോടതി ഇവർക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചു. എന്നാൽ ഇക്കഴിഞ്ഞ ജൂണ് 12-നാണ് പരിശോധനാഫലം പുറത്തുവന്നത്.

മൊത്തം ആറു പ്രതികളാണ് കേസിലുണ്ടായിരുന്നത്. മറ്റു പ്രതികൾ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടവരാണ്. ജോബിയുടെ വീട്ടിൽനിന്നാണ് ഇറച്ചി പിടികൂടിയത്. പിടികൂടിയപ്പോൾ സുഹൃത്ത് സുജേഷ് തന്നതാണെന്ന് പറഞ്ഞതൊടെയാണ് ഇരുവരെയും പ്രതികളാക്കി വനപാലകർ കേസ് ഫയൽ ചെയതത്. ഇവരുമായി ബന്ധപ്പെട്ടവരാണ് മറ്റു പ്രതികൾ. ജോബിയും സുജേഷും കേസിൽ നിന്നും വിടുതൽ ഹർജി ഫയൽ ചെയ്യാനുള്ള തീരുമാനത്തിലാണ്.

പരിശോധനയിൽ ജോബിയുടെ വീട്ടിൽനിന്ന് ചാലക്കുടി ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേകാന്വേഷണ സംഘം കണ്ടെടുത്ത മാംസമാണ് വനപാലകർക്ക് കൈമാറിയതും മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷന് അധികൃതർ പ്രതികളെന്ന് സംശയിച്ച് ഇവരെ അറസ്റ്റ് ചെയ്തതും. കസ്റ്റഡിയിലെടുത്ത തൊണ്ടിമുതൽ തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റർ ഫോർ ടെക്നോളജിയിലാണ് പരിശോധന നടത്തിയത്.

രണ്ടാം പ്രതിയായ സുജേഷ് എന്ന കണ്ണൻ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. സൗത്ത് ജംങ്ഷനിലെ ചുമട്ടുതൊഴിലാളിയായ കണ്ണൻ കേസിൽ കുടുങ്ങിയത് മൂലം തൊഴിൽ നഷ്ടപ്പെട്ടിരുന്നു. കേസ് വന്ന ചുമട്ടു തൊഴിൽ നഷ്ടപ്പട്ടതൊടെ കുടുംബത്തെ പോറ്റുന്നത് ഓട്ടോറിക്ഷ ഓടിച്ചാണെന്ന് കണ്ണൻ പറഞ്ഞു. ചുമട്ടു തൊഴിലാളിയാകുന്നതിന് മുമ്പ് കശാപ്പ് ജോലിയുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി നല്ല ഉരുക്കളുടെ മാംസം കിട്ടിയാൽ പലർക്കും എത്തിച്ച് നല്കാറുണ്ടെന്ന് ഇയാൾ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News