ഹെല്‍മെറ്റില്ല, മാസ്‌കില്ല, ഷര്‍ട്ടില്ല, ലൈസന്‍സുമില്ല; കൊച്ചിയില്‍ വൈറലാകാന്‍ ബൈക്കില്‍ കറങ്ങിയ യുവാവ് പിടിയില്‍

കൊച്ചി: എറണാകുളം മുമ്പത്ത് നിയമം ലംഘിച്ച് ബൈക്കില്‍ കറങ്ങിയ യുവാവിനെ പോലീസ് പിടികൂടി. ചെറായി സ്വദേശി റിച്ചല്‍ സെബാസ്റ്റ്യനാണ് (19) പിടിയിലായത്. ഹെല്‍മെറ്റും ഷര്‍ട്ടും മാസ്‌കും ധരിക്കാതെയായിരുന്നു ബൈക്ക് യാത്ര. യുവാവിന് ലൈസന്‍സും ഇല്ലെന്ന് പോലീസ് അറിയിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസിന്റെ പിടിവീണത്. ഷര്‍ട്ടും മാസ്‌കും ധരിക്കാതെ ബൈക്കില്‍ കറങ്ങുന്നതിന്റെ വിഡിയോ സമൂഹമാധ്യങ്ങളില്‍ ഇട്ട് വൈറലാകാനായിരുന്നു യുവാവിന്റെ ശ്രമം. സുഹൃത്തുക്കളാണ് വിഡിയോ ചിത്രീകരിച്ചത്.

വിഡിയോ കണ്ടതോടെ സൈബര്‍ പോലീസ് അന്വേഷണം നടത്തുകയും മുനമ്പം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. മോട്ടോര്‍ വാഹന വകുപ്പ് നിയമം, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം എന്നിവയുള്‍പ്പെടെ ആറ് വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News