തൊടുപുഴ: കാഞ്ഞാര്‍ – പുള്ളിക്കാനം യാത്രയ്ക്കിടെ കുമ്പങ്കാനത്ത് കാറില്‍ നിന്നു മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ യുവാവിനു കൊക്കയില്‍ വീണു ഗുരുതര പരുക്ക്. മുതലക്കോടം സ്വദേശി കുന്നപ്പള്ളി (കട്ടയ്ക്കല്‍) ജിന്‍സണ്‍ കെ. ഫിലിപ്പി(38)നാണു സാരമായി പരുക്കേറ്റത്. രക്ഷപ്പെടുത്താനിറങ്ങിയ ഡ്രൈവര്‍ ഉണ്ണിയും അപകടത്തില്‍പ്പെട്ടെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കുമ്പങ്കാനം വലിയപാറ ഭാഗത്ത് ഇന്നലെ വൈകിട്ട് ഏഴോടെയാണു സംഭവം. തൊടുപുഴയില്‍നിന്നും പുള്ളിക്കാനത്തേക്ക് പോകുന്നതിനിടെ മൂത്രം ഒഴിക്കുന്നതിനായി വാഹനം നിര്‍ത്തി. കനത്ത മഞ്ഞും മഴയുമുണ്ടായിരുന്നു. റോഡരികില്‍ മൂത്രം ഒഴിക്കുന്നതിനിടെ ജിന്‍സണ്‍ കാല്തെറ്റി താഴേക്ക് വീഴുകയായിരുന്നു. ഇതുകണ്ട് ഡ്രൈവര്‍ ഉണ്ണി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കാല്‍ വഴുതി വീണു.
ഒരു കുറ്റിച്ചെടിയില്‍ പിടികിട്ടിയതിനാല്‍ അദ്ദേഹം രക്ഷപ്പെട്ടു. കാറില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേരാണ് അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചത്. ഇരുവരേയും മൂലമറ്റത്തു നിന്നെത്തിയ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു രക്ഷപ്പെടുത്തി. തലയ്ക്ക് ഗുരുതര പരുക്കേറ്റ ജിന്‍സണെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.