കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറിന്റെയും മിസ് കേരള റണ്ണറപ്പ് അഞ്ജനാ ഷാജന്റെയും മരണത്തിനിടയാക്കിയ അപകടത്തില്‍ പരിക്കേറ്റ കൊടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് ആഷിഖിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ആഷിഖ് വെന്റിലേറ്ററിലാണ്. കാര്‍ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുള്‍ റഹ്‌മാന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ മുറിയിലേക്ക് മാറ്റിയെന്ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ പറഞ്ഞു.
കാറപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്(25) ജന്മനാട് വിടനല്‍കി. ആലംകോട് പാലാംകോണം അന്‍സി കോട്ടേജില്‍ അബ്ദുല്‍ കബീര്‍-റസീന ബീവി ദമ്പതിമാരുടെ ഏകമകളാണ് അന്‍സി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മൃതദേഹം പാലാംകോണത്തെ വീട്ടിലെത്തിച്ചത്. പിതാവ് അബ്ദുല്‍ കബീര്‍ ഖത്തറില്‍നിന്ന് രാവിലെ ഏഴുമണിയോടെ വീട്ടിലെത്തി. തുടര്‍ന്ന് മൃതദേഹം ആലംകോട് ജുമാ മസ്ജിദില്‍ കബറടക്കുകയായിരിന്നു.
അന്‍സിയുടെ മരണവാര്‍ത്തയറിഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെ ആത്മഹത്യക്കു ശ്രമിച്ച മാതാവ് റസീന ബീവി ഇപ്പോഴും തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ഇവരെ വീട്ടിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞില്ല.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ എറണാകുളം ദേശീയപാതയില്‍ പാലാരിവട്ടം ഹോളിഡേ ഇന്‍ ഹോട്ടലിനു സമീപമാണ് അന്‍സിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അന്‍സിക്കൊപ്പമുണ്ടായിരുന്ന മുന്‍ മിസ് കേരള റണ്ണറപ്പ് തൃശ്ശൂര്‍ ആളൂര്‍ അമ്പാടന്‍ വീട്ടില്‍ അഞ്ജനാ ഷാജനും(24) മരിച്ചു.
അന്‍സിയെ അവസാനമായൊന്നു കാണാന്‍ ബന്ധുക്കളും നാട്ടുകാരുമായി ധാരാളമാളുകളെത്തിയിരുന്നു. അന്‍സിയുടെ അകാല വേര്‍പാടിന്റെ ഞെട്ടലില്‍നിന്ന് ആലംകോട് ഇനിയും മുക്തമായിട്ടില്ല. 2019-ല്‍ മിസ് കേരളയും 2021-ല്‍ മിസ് സൗത്ത് ഇന്ത്യയും ആയി ഈ ഗ്രാമത്തിന്റെ അഭിമാനമായി മാറിയ പെണ്‍കുട്ടിയെയാണ് മരണം കവര്‍ന്നെടുത്തത്.