അതിരുകൾ കടന്ന പ്രണയം; നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യയിലെത്തി യുവാവ്, സുരക്ഷിതനായി മടക്കി ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: കാമുകിയെ കാണൻ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലെത്തിയ പാക് അധീന കശ്മീർ സ്വദേശിയായ സീഷാൻ മിർ (22) ഒടുവിൽ സുരക്ഷിതനായി മാതൃരാജ്യത്തേക്ക് മടങ്ങി. ശനിയാഴ്ച ഉറിയിലെ അമൻ സേതു പാലം വഴി സീഷാനെ പാകിസ്താൻ പ്രതിരോധ സേനയ്ക്ക് കൈമാറി. കാമുകിയെ കാണാനായി അതിർത്തി ലംഘിച്ച യുവാവിന്റെ സാഹസികതയെ മാനുഷിക പരിഗണനയോടെയാണ് ഇന്ത്യൻ അധികൃതർ കൈകാര്യം ചെയ്തത്. മടക്കയാത്രയ്ക്ക് മുൻപ് തന്റെ പ്രണയിനിയായ ഇറാം ബാനുവിനെ കാണാൻ യുവാവിന് മൂന്ന് മിനിറ്റ് സമയവും അനുവദിച്ചു.

കഴിഞ്ഞ മെയ് 31-നാണ് ഉറിയിലെ സിലിക്കോട്ട് മേഖലയിൽ വെച്ച് സീഷാനെ സുരക്ഷാ സേന പിടികൂടുന്നത്. നുഴഞ്ഞുകയറ്റക്കാരനെന്ന സംശയത്തിൽ യുവാവിനെതിരെ വിദേശി നിയമപ്രകാരം കേസെടുത്തിരുന്നെങ്കിലും, കാമുകിയെ കാണാനാണ് താൻ അതിർത്തി കടന്നതെന്ന യുവാവിന്റെ മൊഴി സത്യമാണെന്ന് പോലീസ് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. പോലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് അംഗീകരിച്ച കോടതി സീഷാനെ കുറ്റവിമുക്തനാക്കുകയും മടക്കയാത്രയ്ക്ക് അനുമതി നൽകുകയുമായിരുന്നു.

അതിർത്തിയുടെ ഇരുപുറങ്ങളിലുമായി കഴിയുന്ന രണ്ട് ബന്ധു കുടുംബങ്ങൾ തമ്മിലുള്ള ബന്ധമാണ് ഈ പ്രണയകഥയ്ക്ക് പിന്നിലുള്ളത്. സീഷാന്റെ കുടുംബം പതിറ്റാണ്ടുകൾക്ക് മുൻപ് ഉറിയിൽ നിന്ന് പാക് അധീന കശ്മീരിലേക്ക് കുടിയേറിയവരായിരുന്നു. സോഷ്യൽ മീഡിയ വഴിയായിരുന്നു യുവാവും ഇറാമും തമ്മിൽ ബന്ധപ്പെട്ടിരുന്നത്. യുവാവ് പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന സമയത്ത് ഇറാമിന്റെ കുടുംബം അവനെ സന്ദർശിക്കുകയും വസ്ത്രങ്ങളും ചെരിപ്പും നൽകുകയും ചെയ്തിരുന്നു. യാത്രയാക്കുന്ന വേളയിൽ കരയരുതെന്നും താൻ സമാധാനത്തോടെയാണ് പോകുന്നതെന്നും സീഷാൻ അവരോട് പറഞ്ഞതായി ഇറാമിന്റെ മാതാവ് അഫ്രോസ ബീഗം വ്യക്തമാക്കി.

ഇന്ത്യയിൽ കഴിഞ്ഞ സമയമത്രയും സീഷാനെ ഒരു അതിഥിയെപ്പോലെയാണ് സൈന്യം പരിഗണിച്ചതെന്ന് കുടുംബം നന്ദിയോടെ ഓർത്തു. ഇന്ത്യൻ സൈന്യത്തിന്റെ മാനുഷിക മൂല്യങ്ങളുടെയും പ്രൊഫഷണൽ പെരുമാറ്റത്തിന്റെയും തെളിവാണ് യുവാവിന് നൽകിയ പരിഗണനയെന്ന് സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. തന്റെ മകളുടെ വിസ ഉടൻ ശരിയാകുമെന്നും ഇരുവരും വിവാഹിതരായി സന്തോഷത്തോടെ കഴിയുമെന്നും അഫ്രോസ ബീഗം പ്രത്യാശ പ്രകടിപ്പിച്ചു.v

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News