വാഷിങ്ടൺ: യുഎസ്- ഇസ്രയാൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാന്റെ ശേഷിക്കുന്ന നേതൃത്വത്തെ ഇല്ലാതാക്കാൻ ഒരൊറ്റ ആക്രമണം കൊണ്ട് സാധിക്കുമെന്ന് ട്രംപ് പറഞ്ഞു. സംസ്കാര ചടങ്ങിനായി നേതാക്കളെല്ലാവരും ഒത്തു ചേർന്ന വേളയിലാണ് ട്രംപിന്റെ ഭീഷണി സന്ദേശം
ഖമേനിയുടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന സംസ്കാര ചടങ്ങുകൾക്ക് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. വിവിധ രാജ്യങ്ങളെ പ്രതിനിധികളും സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഇതിനിടെയായിരുന്നു ട്രംപിന്റെ പരാമർശം. ‘എല്ലാവരും ഒത്തു ചേർന്നിരിക്കുകയാണ്. ഒരു ഷോട്ട് മതി, എല്ലാവരേയും പുറത്താക്കാൻ. പക്ഷെ ഞങ്ങൾ അത് ചെയ്യില്ല. കാരണം, അങ്ങനെ ചെയ്താൽ ഞങ്ങളുമായി ചർച്ച ചെയ്യാൻ ആരുമുണ്ടാകില്ല’- ട്രംപ് പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
സംസ്കാര ചടങ്ങിൽ നേതാക്കൾ വികാരാധീനരായതിനെയും ട്രംപ് പരിഹസിച്ചു. അവർ കരയുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആളുകൾ ഖമേനിയെ വെറുക്കുന്നുവെന്നും ഒരു പക്ഷെ അത് വ്യാജ കണ്ണീരായിരിക്കാമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇതൊന്നും നിങ്ങൾക്ക് മനസ്സിലാകില്ലെന്ന് ഇറാൻ പ്രതികരിച്ചു. നിങ്ങൾക്ക് സംസ്കാരമോ പാരമ്പര്യമോ ആദരവോ ഇല്ലാത്തതിനാൽ ഇതൊന്നും മനസ്സിലാകില്ല- അർമേനിയയിലെ ഇറാൻ എംബസി എക്സിൽ കുറിച്ചു.


