ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ നിന്ന് എ.ടി.എം. കാർഡ് മോഷ്ടിച്ച് പണം പിൻവലിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ നിന്ന് എ.ടി.എം. കാർഡ് മോഷ്ടിച്ച് പണം പിൻവലിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് തങ്ങൾസ് റോഡ് ചാപ്പയിൽ തലനാർതൊടുകയിൽ അറഫാ (19)നെയാണ് കസബ പോലീസ് അറസ്റ്റു ചെയ്തത്.

മാത്തോട്ടം സ്വദേശിനിയായ പെൺകുട്ടിയുടെ അമ്മയുടെ എ.ടി.എം. കാർഡാണ് സൗഹൃദം നടിച്ച് വീട്ടിലെത്തിയ ഇയാൾ കൈക്കലാക്കിയത്. എ.ടി.എം. കാർഡ് സൂക്ഷിച്ച കവറിനുള്ളിലുണ്ടായിരുന്ന പിൻ നമ്പർ ഉപയോഗിച്ച് മൂന്ന് എ.ടി.എം. കൗണ്ടറുകളിൽ നിന്നായി 45,500 രൂപയാണ് ഇയാൾ കവർന്നത്.

മൂന്ന് ദിവസത്തിന് ശേഷം കാർഡ് തിരികെ വീട്ടിൽ കൊണ്ടുവെച്ചു. പണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. പണം പിൻവലിച്ച എ.ടി.എം. കൗണ്ടറുകളിലെ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് അറഫാനാണ് പണം കവർന്നതെന്ന് മനസ്സിലായത്. തുടർന്ന് കസബ എസ്.ഐ. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു./

ഇയാൾക്കെതിരേ മറ്റുകേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News