പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ പിതാവും സഹോദരനും ചേര്‍ന്ന് യുവതിയെ വെട്ടിക്കൊന്നു; ഭര്‍തൃമാതാവിനും ഗുരുതര പരുക്ക്

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ പിതാവും സഹോദരനും ചേര്‍ന്ന് യുവതിയെ വെട്ടിക്കൊന്നു; അരുംകൊല നടത്തിയത്  കോടാലിയും കൊടുവാളും അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച്

ഹുബ്ബള്ളി: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ പിതാവും സഹോദരനും ചേര്‍ന്ന് യുവതിയെ വെട്ടിക്കൊന്നു. ആറുമാസം ഗര്‍ഭിണിയായ മാന്യത പാട്ടീലി(19)നെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് വിവേകാനന്ദയെയും കുടുംബത്തെയും ആക്രമിച്ച് പരിക്കേല്‍പിച്ചു. മാന്യതയുടെ പിതാവ്, സഹോദരന്‍, മറ്റൊരു ബന്ധു എന്നിവര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. കോടാലിയും കൊടുവാളും അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഏഴുമാസം മുമ്പാണ് മാന്യതയും വിവേകാനന്ദയും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇത് വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. തുടര്‍ന്ന് ഹാവേരി ജില്ലയിലേക്ക് ദമ്പതികള്‍ താമസം മാറ്റി. പൊലീസ് ഇടപെട്ട് ഒത്തുതീര്‍പ്പ് ശ്രമം നടത്തിയാണ് ഇരുവരെയും സ്വദേശത്തേക്ക് കൊണ്ടുവന്നത്.

ഇന്നലെ വൈകീട്ട് വിവേകാനന്ദന്റെ വീട്ടില്‍ ഇരിക്കുന്ന സമയത്താണ് മാന്യതയുടെ അച്ഛനും ബന്ധുക്കളും എത്തിയത്. ഇതിനിടെ, വിവേകാനന്ദന്റെ അച്ഛനെ ട്രാക്ടറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നു. വിവരമറിഞ്ഞ് വീട്ടിലുള്ളവര്‍ പുറത്തുപോയ സമയത്ത് മാന്യതയെ പിതാവും കൂട്ടരും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭര്‍തൃമാതാവിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

ട്രാക്ടറിടിച്ച സ്ഥലത്തെത്തിയ വിവേകാനന്ദനെയും ബന്ധുക്കളെയും മാന്യതയുടെ മറ്റുബന്ധുക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയും ചെയ്തു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുവതിയുടെ പിതാവിനെയും സഹോദരനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News