പ്രസവത്തിനെത്തിയ യുവതി മരിച്ചു,തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിക്കെതിരെ പരാതി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരിച്ചത് ചികിത്സാപ്പിഴവെന്ന് പരാതി. ചിറയിന്‍കീഴ് താമരക്കുളം ആല്‍ത്തറമൂട് വയലില്‍ വീട്ടില്‍ വിപിന്റെ ഭാര്യ ഗ്രീഷ്മ (27)യും കുഞ്ഞുമാണ് മരിച്ചത്. ചികിത്സാ പിഴവു സംഭവിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു.

രാവിലെ അപസ്മാര ലക്ഷണം പ്രകടിപ്പിക്കുകയും രക്തസമ്മര്‍ദ്ദം താഴ്ന്നു നിലമോശമായ യുവതിയെ ആശുപത്രി അധികൃതര്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പരിശോധനയില്‍ കുഞ്ഞു മരിച്ചതായി കാണുകയും അമ്മയെ രക്ഷിക്കാന്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപിഴവു മറച്ചുവയ്ക്കാന്‍ ഉള്ളൂരിലെ സ്വകാര്യ ആശുപത്രി ശ്രമിച്ചെന്നാണു വീട്ടുകാരുടെ പരാതി. എസ്എടി ആശുപത്രിയിലേക്കു മാറ്റാന്‍ വിദേശത്തുളള ഭര്‍ത്താവ് ഫോണിലൂടെ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ അതിനു തയ്യാറാകാതെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു നിര്‍ബന്ധിപ്പിച്ചു മാറ്റിയതാണെന്നും ബന്ധുക്കള്‍ പറയുന്നു.