കൊച്ചി: ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച കേസില്‍ ആരോപണ വിധേയരായ യുവാക്കള്‍ക്കെതിരായ നിയമനടപടികള്‍ തുടരുമെന്നു പോലീസ്. പ്രതികളായ പെരിന്തല്‍മണ്ണ സ്വദേശികളായ റംഷാദിന്റെയും ആദിലിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കൊവിഡ് പരിശോധനാ ഫലം വന്ന ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും. നടി മാപ്പ് സ്വീകരിച്ചെങ്കിലും കേസുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനം. നടി കൊച്ചിയിലെത്തിയാല്‍ മൊഴിയെടുക്കും. അന്തിമതീരുമാനം കോടതിയുടേതാണെന്നും പോലീസ് പറഞ്ഞു.
കീഴടങ്ങുന്നതിനായി കളമശേരി പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നതിന് മുമ്പ് നാടകീയമായി പ്രതികളെ പോലീസ് ഇവരെ പിടികൂടിയത്. പോലീസ് രേഖാചിത്രം പുറത്തുവിട്ടതിന് പിന്നാലെയാണ് യുവാക്കള്‍ കീഴടങ്ങാനുള്ള തീരുമാനത്തിലെത്തിയത്. ഇവരെ പിടികൂടുന്നതിനായി കളമശേരി സിഐ അടക്കമുള്ള പോലീസ് സംഘം പെരിന്തല്‍മണ്ണയിലെത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഇരുവരും മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇവരെ പിടികൂടാനുളള തീവ്രശ്രമം പോലീസ് ആരംഭിച്ചു. ഇതോടെ കീഴടങ്ങുകയല്ലാതെ മറ്റു മാര്‍ഗമില്ലാതായി.
നടിയെ മനഃപൂര്‍വം അപമാനിച്ചിട്ടില്ലെന്നാണ് ഇരുവരും പറഞ്ഞത്. നടിയെ സ്പര്‍ശിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തെറ്റിദ്ധരിച്ചതാകാമെന്നും ഇവര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരിച്ചു. വാര്‍ത്തകളില്‍ തങ്ങളുടെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടലിലാണെന്നും മാപ്പ് പറയാന്‍ തയാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജോലിക്കു വേണ്ടിയുള്ള ഇന്റര്‍വ്യുവില്‍ പങ്കെടുക്കാനാണ് കൊച്ചിയിലെത്തിയത്. തിരിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ട്രെയിന്‍ എത്താന്‍ സമയമുള്ളതിനാലാണ് മാള്‍ സന്ദര്‍ശിച്ചത്.
മെട്രോയില്‍ കയറി മാളിലെത്തിയപ്പോള്‍, ഒരു കുടുംബം ഒപ്പംനിന്ന് ചിത്രം എടുക്കുന്നത് കണ്ടാണ് നടിയെ ശ്രദ്ധിച്ചത്. തുടര്‍ന്ന് സമീപത്തെത്തി നടിയുടെ കൂടെയുണ്ടായിരുന്ന സഹോദരിയോട് സംസാരിച്ചു. ഏത് സിനിമയിലാണ് അഭിനയിച്ചതെന്ന് ചോദിച്ചപ്പോള്‍ നാല് സിനിമകളില്‍ അഭിനയിച്ചെന്ന് മറുപടി പറഞ്ഞു. നടിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ലാത്ത മട്ടിലായിരുന്നതിനാല്‍ തങ്ങള്‍ മടങ്ങിയെന്നും യുവാക്കള്‍ പറഞ്ഞു. അവരെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി. സംഭവം വിവാദമായപ്പോള്‍ പെരിന്തല്‍മണ്ണയിലെ ഒരു അഭിഭാഷകനെ പോയി കണ്ട് നിയമോപദേശം തേടി. തുടര്‍ന്നാണ് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. പിന്നീട് തിരിച്ചെത്തി ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാമെന്നാണ് കരുതിയതെന്നും അവര്‍ പറഞ്ഞു.
തനിക്ക് ഷോപ്പിംഗ് മാളില്‍വച്ച് നേരിട്ട ദുരനുഭവം കഴിഞ്ഞ ദിവസമാണ് യുവനടി ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. വിവാദമായതോടെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ സംഭവത്തില്‍ സ്വമേധയ കേസെടുത്ത് അന്വേഷണം നടത്താന്‍ കളമശേരി പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നു ജില്ലയ്ക്ക് പുറത്തേക്ക് പോയതായി പോലീസ് സ്ഥിരീകരിച്ചത്. ഇതോടെ അന്വേഷണം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചിരുന്നു.