ദോഹ: മൊറോക്കോയ്‌ക്കെതിരായ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായതിനു പിന്നാലെ പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ലൂയിസ് ഫിഗോ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മൊറോക്കോയോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ തോല്‍വി.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കാതിരുന്ന സാന്റോസിന്റെ നടപടിയാണ് ഫിഗോയെ ചൊടിപ്പിച്ചത്. ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയത് തെറ്റായിപ്പോയെന്നും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പരിശീലകനും ടീം മാനേജ്മെന്റിനും മാറിനില്‍ക്കാനാകില്ലെന്നും ഫിഗോ തുറന്നടിച്ചു.
”റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി നിങ്ങള്‍ക്ക് ഒരു ലോകകപ്പ് നേടാനാകില്ല. ശരിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ വിജയം മികച്ചതായിരുന്നു, എന്നാല്‍ അത് എല്ലാ കളിയിലും നടക്കുമോ? ഇല്ല. റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയത് തെറ്റായ നടപടിയായിരുന്നു. ഈ തോല്‍വിയുടെ ഉത്തരവാദിത്തം പരിശീലകനും മാനേജ്‌മെന്റിനുമാണ്” – സ്‌പോര്‍ട്‌സ് 18-ല്‍ ലോകകപ്പുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ഫിഗോ വ്യക്തമാക്കി.
നേരത്തെ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലും റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നില്ല. ആ മത്സരം പക്ഷേ 6-1ന് പോര്‍ച്ചുഗലിന് ജയിക്കാനായിരുന്നു. ഇതേ ടീമിനെ തന്നെയാണ് പരിശീലകന്‍ സാന്റോസ് മൊറോക്കോയ്‌ക്കെതിരേയും കളത്തിലിറക്കിയത്. പക്ഷേ മൊറോക്കന്‍ പ്രതിരോധം ഭേദിക്കാന്‍ പോര്‍ച്ചുഗലിന് സാധിച്ചില്ല.
ആദ്യ പകുതിക്ക് ശേഷമാണ് സാന്റോസ്, റൊണാള്‍ഡോയെ കളത്തിലിറക്കിയത്. പക്ഷേ അതിനൊന്നും മത്സരഫലത്തെ സ്വാധീനിക്കാനായില്ല.മത്സര ശേഷം കരഞ്ഞുകൊണ്ടാണ് റൊണാള്‍ഡോ മൈതാനം വിട്ടത്. ഇനിയൊരു ലോകകപ്പിന് ബൂട്ടുകെട്ടാന്‍ റൊണാള്‍ഡോയ്ക്ക് ബാല്യമില്ല.
താരത്തെ ഫസ്റ്റ് ഇലവനിലേക്ക് പരിഗണിക്കാത്ത പോര്‍ച്ചുഗീസ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് ക്രിസ്റ്റിയാനോയുടെ പങ്കാളി ജോര്‍ജിന റോഡ്രിഗസ്.
താരത്തെ പുറത്തിരുത്താനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് ജോര്‍ജിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു. ജോര്‍ജിനയുടെ വാക്കുകള്‍… ”പോര്‍ച്ചുഗലിന്റെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായ റൊണാള്‍ഡോയെ വിലകുറച്ച് കണ്ടതാണ് പരിശീലകന് സംഭവിച്ച പിഴവ്. റൊണാള്‍ഡോയ്ക്ക് അവസരം നല്‍കിയപ്പോഴേക്കും വളരെ വൈകിപ്പോയി. അദ്ദേഹം തീരുമാനം തെറ്റായിരുന്നു.” ജോര്‍ജിന കുറിച്ചിട്ടു. ഇന്‍സ്റ്റഗ്രാമില്‍ നാല് കോടിയിലധികം ഫോളോവേഴ്‌സ് ജോര്‍ജിനയ്ക്കുണ്ട്. ജോര്‍ജിനയും ലോകകപ്പ് കാണാന്‍ ഖത്തറില്‍ എത്തിയിരുന്നു.
ഇതാദ്യമായിട്ടില്ല ജോര്‍ജിന സാന്റോസിനെതിരെ സംസാരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ പകരക്കാരനായി ഇറങ്ങിയപ്പോഴും ജോര്‍ജിന സംസാരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ 90 മിനിറ്റും ആസ്വദിക്കാന്‍ കഴിയാതിരുന്നത് എന്തൊരു നാണക്കേടാണ് എന്നാണ് ജോര്‍ജിന ഇന്‍സ്റ്റയില്‍ കുറിച്ചത്. ആരാധകര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പേര് മുഴക്കുന്നത് ഒരുസമയവും നിര്‍ത്തിയില്ല. ദൈവവും നിങ്ങളുടെ പ്രിയ സുഹൃത്ത് ഫെര്‍ണാണ്ടോയും കൈകോര്‍ത്ത് ഒരു രാത്രി കൂടി ഞങ്ങളെ പ്രകമ്പനം കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജോര്‍ജിന കുറിച്ചിട്ടിരുന്നു.