പാലക്കാട് : ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക് പ്രണാമമർപ്പിച്ച് ഗായകൻ യേശുദാസ്. അമേരിക്കയിലുള്ള വസതിയിലിരുന്നു കൊണ്ടാണ് തന്റെ ഗുരുവിന് ഗാനാലാപനത്തിലൂടെ യേശുദാസ് പ്രണാമർപ്പിച്ചത്. ‘‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം…’’ എന്ന ഗാനമാണ് ഗുരുവിനായി യേശുദാസ് ആദ്യം ആലപിച്ചത്. ഗായകന്റെ സ്വരത്തിന് അകമ്പടിയേകി വയലിനിൽ എസ്.ആർ.മഹാദേവ ശർമയും മൃദംഗത്തിൽ എൻ.ഹരിയും ഘടത്തിൽ തൃപ്പൂണിത്തുറ രാധാകൃഷ്ണനും സംഗീതഗുരുവിന് അർച്ചന ചെയ്തു.
ചെമ്പൈ പാർഥസാരഥി ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിനു യേശുദാസിന്റെ സംഗീതക്കച്ചേരി പതിവാണ്. കുംഭമാസത്തിലെ ഏകാദശി നാളിൽ ചെമ്പൈയിലേക്കുള്ള യാത്ര അദ്ദേഹം മുടക്കാറില്ല. എന്നാൽ, കഴിഞ്ഞ വർഷം കോവിഡിനെത്തുടർന്നു രാജ്യാന്തര യാത്രകൾ നിരോധിച്ചതോടെ പതിവു തെറ്റി. യേശുദാസ് അമേരിക്കയിൽ തന്നെ തുടരുന്നതിനാൽ ഇത്തവണ സംഗീതാർച്ചന ഓൺലൈനാക്കി മാറ്റുകയായിരുന്നു
ലൈവ് ആയിത്തന്നെയാണ് അദ്ദേഹം പാടിയതെന്നു സംഘാടകർ പറഞ്ഞു. ഓംകാരത്തിൽ തുടങ്ങി കീർത്തനങ്ങളിലൂടെ ഒഴുകി ഹരിവരാസനം ചൊല്ലി മംഗളവും പാടുമ്പോൾ മുക്കാൽ മണിക്കൂർ പിന്നിട്ടിരുന്നു. ഗുരുവിനെ സാഷ്ടാംഗം നമസ്കരിക്കുന്നു. എല്ലാ വർഷവും വരണമെന്ന് ആഗ്രഹവുമുണ്ട്. പ്രകൃതിയുടെ വിരോധം കാരണം വന്നെത്താൻ പറ്റാത്തതു കൊണ്ടാണ് ഇത്തരത്തിൽ സംഗീതാർച്ചന നടത്തിയതെന്നും യേശുദാസ് പറഞ്ഞു.