NationalNews

ജഗന് തിരിച്ചടി,ശർമിളയ്​ക്കൊപ്പം അമ്മ വിജയമ്മയും കോൺഗ്രസിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കും

ന്യൂഡൽഹി: ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ഭാര്യ വൈ.എസ്.വിജയമ്മ, മകള്‍ ശര്‍മിളയ്​ക്കൊപ്പം നാളെ കോണ്‍ഗ്രസില്‍ ചേരും. ശര്‍മിളയോടും വിജയമ്മയോടും ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു.   തിരഞ്ഞെടുപ്പില്‍ വിജയമ്മയെ മത്സരിപ്പിച്ചു രാജശേഖര റെഡ്ഡിയുടെ പിന്തുടര്‍ച്ച അവകാശപ്പെടാനാണ് കോണ്‍ഗ്രസ് നീക്കം.

കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതായി വൈ.എസ്.ശർമിള കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഇളയ മകളായ ശർമിള, 2021ൽ തെലങ്കാനയിൽ സ്വന്തം പാർട്ടിയുണ്ടാക്കിയിരുന്നു. ഇതു കോൺഗ്രസിൽ ലയിപ്പിച്ച് ആന്ധ്രയിൽ കേന്ദ്രീകരിക്കാനാണു തീരുമാനം. ഫലത്തിൽ, ആന്ധ്ര മുഖ്യമന്ത്രിയും സഹോദരനുമായ ജഗൻ മോഹൻ റെഡ്ഡിയുമായി ശർമിളയുടെ നേർക്കുനേർ പോരാട്ടമാകും ഇനി. ഇതിനു പിന്തുണയുമായാണ് വിജയമ്മയും ശർമിളയ്ക്കൊപ്പം കൂടുന്നത്. 

2011 ൽ പാർട്ടി രൂപീകരിച്ചതു മുതൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ഓണററി പ്രസിഡന്റായിരുന്ന വിജയമ്മ 2022ലാണ് പാർട്ടി വിട്ടത്. പാർട്ടിയുടെ സ്ഥിരം പ്രസിഡന്റായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയെ തിരഞ്ഞെടുത്തതിനു പിന്നാലെയാണ് പാർട്ടിയുടെ ഓണററി പ്രസിഡന്റ് സ്ഥാനം രാജിവച്ച റെഡ്ഡിയുടെ അമ്മ വൈ.എസ്.വിജയമ്മ തെലങ്കാനയിൽ മകൾ ശർമിളയുടെ പാർട്ടിയിൽ പ്രവർത്തിക്കുമെന്നു പ്രഖ്യാപിച്ചത്.

2009ല്‍ രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്നു കൊല്ലപ്പെട്ടപ്പോള്‍ മകന്‍ വൈ.എസ്.ആര്‍ ജഗന്‍മോഹന് താക്കോല്‍സ്ഥാനം നല്‍കണമെന്ന ആവശ്യം നിരസിച്ചതോടെയാണു വിജയമ്മ മക്കളെ കൂട്ടി കോണ്‍ഗ്രസ് വിട്ടത്. 2021ലാണ് വൈ.എസ്.ശർമിള വൈഎസ്ആർ തെലങ്കാന പാർട്ടി (വൈഎസ്ആർടിപി) രൂപീകരിച്ചത്. 

ഇന്നു ഡൽഹിയിലെത്തുന്ന ശർമിള, നാളെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേരുമെന്നാണ് വിവരം. ശർമിളയ്ക്ക് എഐസിസി ജനറൽ സെക്രട്ടറി പദവി ലഭിച്ചേക്കുമെന്നാണ് സൂചന.

ശർമിളയുടെ പാർട്ടിയിലെ തെലങ്കാന നേതാക്കൾക്കും ഭാരവാഹിത്വം നൽകും. ഈ വർഷം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. തെലങ്കാനയിൽ ടിഡിപി വിട്ടെത്തി പിസിസി അധ്യക്ഷനായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരം പിടിച്ചിരുന്നു. ഇതേ മാതൃകയിൽ ശർമിളയെ പിസിസി അധ്യക്ഷയാക്കുമെന്നും അഭ്യൂഹമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button