ഭാര്യയെയും മകളെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം രാകേഷ് കമാല്‍ സ്വയം നിറയൊഴിച്ച് മരിച്ചു,മാസച്യുസെറ്റ്സിലെ കൂറ്റന്‍ ബംഗ്ലാവില്‍ നടന്നത്‌

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ കുടുംബത്തിന്റെ മരണം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യാണെന്ന് കണ്ടെത്തല്‍. മാസച്യുസെറ്റ്സിലെ ഡോവറില്‍ താമസിച്ചിരുന്ന രാകേഷ് കമാല്‍(57) ഭാര്യ ടീന കമാല്‍(54) മകള്‍ അരിയാന(18) എന്നിവരുടെ മരണത്തിലാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഭാര്യയെയും മകളെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം രാകേഷ് കമാല്‍ സ്വയം നിറയൊഴിച്ച് മരിച്ചെന്നാണ് നിഗമനം. ടീനയുടെയും മകളുടെയും മരണം വെടിയേറ്റാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാകേഷിന്റെ മൃതദേഹത്തിലും വെടിയേറ്റ മുറിവുകളുണ്ട്. സ്വയം വെടിയുതിര്‍ക്കുമ്പോഴുള്ള മുറിവുകളാണ് ഇതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം, ബംഗ്ലാവില്‍നിന്ന് കണ്ടെടുത്ത തോക്ക് രാകേഷിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതല്ലെന്നാണ് വിവരം. ഈ തോക്ക് കൈവശം വെയ്ക്കാനുള്ള ലൈസന്‍സ് ഇദ്ദേഹത്തിനില്ലെന്നും തോക്കിന്റെ ഉറവിടത്തെക്കുറിച്ച് ബന്ധപ്പെട്ടവരോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഡിസംബര്‍ 28-നാണ് ഡോവറിലെ കൂറ്റന്‍ ബംഗ്ലാവില്‍ രാകേഷ് കമാലിനെയും കുടുംബത്തെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. രാകേഷിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു തോക്കും കണ്ടെടുത്തിരുന്നു. പുറത്തുനിന്നുള്ള ആരും വീടിനകത്ത് പ്രവേശിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ‘എജ്യൂനോവ’ എന്ന കമ്പനിയുടെ ഉടമയായിരുന്നു രാകേഷ് കമാല്‍. 2016-ല്‍ ആരംഭിച്ച കമ്പനി അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം 2021 ഡിസംബറോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതിനുപിന്നാലെ രാകേഷും കുടുംബവും കടുത്ത സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

രാകേഷിന്റെ ഭാര്യ ടീന കമാല്‍ ആയിരുന്നു ‘എജ്യൂനോവ’യുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍. ഹാര്‍വാഡ് സര്‍വകലാശാലയിലും ഡല്‍ഹി സര്‍വകലാശാലയിലുമാണ് ടീന വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്നാണ് കമ്പനി വെബ്സൈറ്റില്‍ അവകാശപ്പെട്ടിരുന്നത്. മാസച്യുസെറ്റ്സിലെ അമേരിക്കന്‍ റെഡ് ക്രോസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു ടീന. ഇതിനുപുറമേ വിദ്യാഭ്യാസ, ഐ.ടി. രംഗത്ത് മൂന്നുപതിറ്റാണ്ടിലേറെ പ്രവര്‍ത്തനപരിചയമുണ്ടെന്നും ഇവരുടെ വെബ്സൈറ്റില്‍ അവകാശപ്പെടുന്നുണ്ട്.

കമ്പനി ഉടമയായിരുന്ന രാകേഷ് കമാല്‍ ബോസ്റ്റണ്‍ സര്‍വകലാശാല, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തീകരിച്ചെന്നാണ് വെബ്സൈറ്റില്‍ പറഞ്ഞിരുന്നത്. സ്വന്തം കമ്പനി സ്ഥാപിക്കുന്നതിന് മുന്‍പ് വിദ്യാഭ്യാസ കണ്‍സള്‍ട്ടിങ് മേഖലയില്‍ ഉന്നതപദവികള്‍ വഹിച്ചിരുന്നതായും വെബ്സൈറ്റില്‍ അവകാശപ്പെടുന്നു. ദമ്പതിമാരുടെ മകള്‍ അരിയാന മിഡില്‍ബറി കോളേജിലെ ന്യൂറോസയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു.

5.45 മില്യണ്‍ യു.എസ്. ഡോളര്‍വിലവരുന്ന(ഏകദേശം 45.37 കോടി രൂപ) ഡോവറിലെ കൂറ്റന്‍ ബംഗ്ലാവിലാണ് രാകേഷും കുടുംബവും താമസിച്ചിരുന്നത്. സമ്പന്നര്‍ താമസിക്കുന്ന അതീവസുരക്ഷാമേഖലയിലാണ് ഈ ബംഗ്ലാവും സ്ഥിതിചെയ്യുന്നത്. 11 കിടപ്പുമുറികളുള്ള ബംഗ്ലാവ് 2019-ല്‍ നാല് മില്യണ്‍ ഡോളര്‍ മുടക്കിയാണ് രാകേഷ് സ്വന്തമാക്കിയത്. എന്നാല്‍, ഒരുവര്‍ഷം മുന്‍പ് ബംഗ്ലാവ് ജപ്തി ചെയ്തെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് മാസച്യുസെറ്റ്സിലെ ‘വില്‍സണ്‍ഡെയ്ല്‍ അസോസിയേറ്റ്സ് എല്‍.എല്‍.സി’ എന്ന കമ്പനിക്ക് മൂന്നുമില്യണ്‍ ഡോളറിന് വില്പന നടത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

2021 കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ദമ്പതിമാര്‍ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിട്ടതെന്നാണ് വിവരം. 2022 സെപ്റ്റംബറില്‍ കമ്പനി സി.ഇ.ഒ. ആയിരുന്ന ടീന കമാല്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ചെയ്തിരുന്നു. എന്നാല്‍, ആവശ്യമായ രേഖകളില്ലാത്തതിനാല്‍ രണ്ടുമാസത്തിന് ശേഷം ഈ ഹര്‍ജി തള്ളിപ്പോയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News