കൊച്ചി:നോവലിസ്റ്റും ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ തോമസ് ജോസഫ് അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആലുവയിലെ വസതിയില്‍ ഇന്ന് വൈകിട്ട് 4.45 ഓടെയായിരുന്നു അന്ത്യം. 67 വയസായിരുന്നു.
മരിച്ചവര്‍ സിനിമ കാണുകയാണ് എന്ന ചെറുകഥാ സമാഹാരത്തിന് 2013 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2009ലെ ബാലസാഹിത്യ പുരസ്‌കാരം, എസ്.ബി.ടി. സാഹിത്യപുരസ്‌കാരം, കെ.എ. കൊടുങ്ങല്ലൂര്‍ സ്മാരക പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
ചിത്രശലഭങ്ങളുടെ കപ്പല്‍, ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍, ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്, പശുവുമായി നടക്കുന്ന ഒരാള്‍, അവസാനത്തെ ചായം, നോവല്‍ വായനക്കാരന്‍, പരലോക വാസസ്ഥലങ്ങള്‍ എന്നിവയാണു മറ്റു പ്രധാന കൃതികള്‍.
എറണാകുളം ഏലൂരില്‍ വാടയ്ക്കല്‍ തോമസിന്റെയും വെള്ളയില്‍ മേരിയുടെയും മകനായി 1954ലായിരുന്നു ജനനം. അഞ്ചാം ക്ലാസ് മുതല്‍ ചെറുകഥ എഴുതി തുടങ്ങിയ അദ്ദേഹത്തിന്റെ ആദ്യ കൃതി അത്ഭുത സമസ്യയാണ്. സാകേതം മാഗസിനില്‍ ചെറുകഥ പിന്നീട് പ്രസിദ്ധീകരിച്ചു.പ്രൂഫ് റീഡറായി പല മാധ്യമസ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. 2018 സെപ്റ്റംബറില്‍ പക്ഷാഘാതമുണ്ടായതിനെത്തുടര്‍ന്ന് ആലുവയിലെ വീട്ടില്‍ കിടപ്പിലായിരുന്നു.