കോഴിക്കോട്: എഴുത്തുകാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 50,000 രൂപ, തുല്യസംഖ്യയ്ക്കുള്ള രണ്ട് ആൾജാമ്യം എന്നീ വ്യവസ്ഥകളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. സിവിക്കിനെതിരായ രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യ ഹർജി ബുധനാഴ്ച പരിഗണിക്കും. മുൻകൂർജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അതിജീവിത വ്യക്തമാക്കി.
സ്ത്രീ-ദലിത് പക്ഷ നിയമങ്ങൾ ഈ വിധിയിൽ അനിവാര്യമാംവിധം പരിഗണിക്കപ്പെട്ടിട്ടില്ല എന്നാണ് കുറ്റാരോപിതന് എളുപ്പം ജാമ്യം ലഭിച്ചതിൽനിന്ന് മനസ്സിലാകുന്നതെന്ന് ഐക്യദാർഢ്യ കൂട്ടായ്മ പ്രതികരിച്ചു. വിധിയുടെ പകർപ്പ് കയ്യിൽ കിട്ടിയശേഷം വിശദമായ പ്രതികരണം നടത്തും. സ്ത്രീപീഡന കേസുകളിൽ ആക്രമണകാരികളായ പുരുഷന്മാർക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്ന പ്രവണത സമൂഹത്തിൽ കൂടുതൽ സ്ത്രീപീഡകരെ സൃഷ്ടിക്കാൻ കാരണമാകും. പാർശ്വവൽകൃത ദലിത് സമൂഹത്തിൽ നിന്നുള്ള അതിജീവിതയ്ക്ക് ഇത്തരത്തിൽ നീതി നിഷേധിക്കപ്പെടുന്നത് അങ്ങേയറ്റം ദുഃഖകരമാണ്.
ജില്ലാ കോടതിയിൽനിന്ന് മുൻകൂർ ജാമ്യം ലഭിച്ചു എന്നത് കൊണ്ട് സിവിക് ചന്ദ്രൻ കുറ്റവിമുക്തനാകുന്നില്ല. സാമൂഹിക – സാംസ്കാരിക രംഗത്ത് പ്രമുഖനായി നിലകൊള്ളുന്ന സിവിക് ചന്ദ്രൻ നടത്തിയ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ പൊതുസമൂഹം തിരിച്ചറിയുകയും അതിജീവിതമാരുടെ നീതിക്ക് വേണ്ടിയുള്ള തുടർ പോരാട്ടത്തിന് പിന്തുണ നൽകി ഒപ്പം നിൽക്കുകയും ചെയ്യണം. ഡോ. സി.എസ്.ചന്ദ്രിക, ബിന്ദു അമ്മിണി, ശ്രീജ നെയ്യാറ്റിൻകര, ദീപ പി.മോഹൻ, എം.സുൽഫത്ത്, ഡോ.ധന്യ മാധവ് എന്നിവരാണു കൂട്ടായ്മയുടെ പേരിൽ പ്രസ്താവനയിറക്കിയത്.