KeralaNews

‘മകളെ കുറിച്ച് പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ? അതിന് വേറെ ആളെ നോക്കണം’; മാത്യൂ കുഴൽനാടനോട് പിണറായി

തിരുവനന്തപുരം: പ്രതിപക്ഷവും ഭരണപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞതോടെ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട ചർച്ച അക്ഷരാർത്ഥത്തിൽ നിയമസഭയെ ഇളക്കി മറിക്കുന്നതായിരുന്നു. ചർച്ചയുടെ ഒടുവിൽ മുഖ്യമന്ത്രി മകളെ കുറിച്ചുള്ള ആക്ഷേപമുയർത്തിയ മാത്യു കുഴൽനാടൻ എം എൽ എയോട് ക്ഷോഭിക്കുന്നതിനും സഭ ഇന്ന് സാക്ഷ്യം വഹിച്ചു.

മാത്യു കുഴൽനാടന്‍റെ പേര് എടുത്തുപറഞ്ഞ മുഖ്യമന്ത്രി ‘മകളെ കുറിച്ച് പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ? വിചാരമെന്ന് ചോദിച്ചു. അതിന് വേറെ ആളെ നോക്കണമെന്നും പിണറായി പറഞ്ഞു. ചർച്ചയിൽ രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണമെന്നും വീട്ടിലിരിക്കുന്നവരെ വെറുതെ വലിച്ചിഴച്ച് ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.പച്ചക്കള്ളമാണ് ഇവിടെ പറഞ്ഞത്. ആരോപണ വിധേയനായ ആൾ മെന്‍ററാണെന്ന് മകൾ ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ഇത്തരം പ്രചരണം അസംബന്ധമാണെന്നും പിണറായി സഭയിൽ പറഞ്ഞു.

അതേസമയം സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‍റെ ചര്‍ച്ചയിലെ  ആരോപണങ്ങള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി ഏകദേശം ഒരു മണിക്കൂറോളം നീണ്ടു. ‘സോളാര്‍ കേസും  സ്വർണ്ണ കടത്തും തമ്മിൽ ബന്ധപ്പെടുന്നത് എങ്ങനെയെന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന തിരിച്ചടി.

സോളാർ അന്വേഷണത്തിൽ ഒത്തു കളി ആരോപണം ഉയർന്നപ്പോൾ ആണ്  കേസ് സി ബി ഐ അന്വേഷണത്തിന് വിട്ടതെന്നും പിണറായി ചൂണ്ടികാട്ടി. പരാതിക്കാരിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അനാവശ്യമായ പഴി സംസ്ഥാന സർക്കാർകേൾക്കേണ്ട എന്നു കരുതിയാണ് അത് അംഗീകരിച്ചത്. അതും ഇതും തമ്മിൽ എന്താണ് ബന്ധം എന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്നയുടെ രഹസ്യമൊഴിയും അതിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾക്കും സംഘപരിവാർ ബന്ധം ഉന്നയിച്ചുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. സ്വപ്നയ്ക്ക് ജോലി സംഘ പരിവാർ വഴി, കാർ, താമസം, സുരക്ഷ, ശമ്പളം, എല്ലാം അതുവഴ തന്നെ. അവരുടെ വക, പ്രധാനമന്ത്രിക്ക് കത്ത് എഴുതാൻ ലെറ്റർ പാഡ് അവരുടെ വക. ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന ഏർപ്പാടാണ് ഇത്.  സ്വപ്നയുടെ വാക്കുകൾ പ്രതിപക്ഷത്തിന്‌ ഇന്ന് വേദവാക്യമായി മാറിയിട്ടുണ്ട്.

സ്വപ്ന ആരോപണം ഉന്നയിക്കുമ്പോൾ പിന്നിൽ ചിലർ ഉണ്ട് എന്ന് സംശയമുണ്ട്. പൊതുരംഗം കലുഷിതമാക്കാൻ ഉള്ള നീക്കം എന്നു തെളിവ് കിട്ടി. അതിനാലാണ് ഗൂഢാലോചന കേസെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം പ്രതിപക്ഷം ഉന്നയിച്ച  ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സി ബി ഐ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന്  പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button