ലണ്ടൻ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാമത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ട്, ജർമനി, ബെൽജിയം എന്നീ ടീമുകൾക്ക് വിജയം. എന്നാൽ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയെ ബൾഗേറിയ സമനിലയിൽ തളച്ചു. കരുത്തരായ സ്പെയിൻ സ്വീഡനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി.
ഇംഗ്ലണ്ട് എതിരില്ലാത്ത നാലുഗോളുകൾക്ക് ഹംഗറിയെയാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. ഇംഗ്ലണ്ടിനായി നായകൻ റഹീം സ്റ്റെർലിങ് (55), നായകൻ ഹാരി കെയ്ൻ (63), പ്രതിരോധതാരം ഹാരി മഗ്വയർ (69), മധ്യനിരതാരം ഡെക്ലാൻ റൈസ് (87) എന്നിവർ ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ഗ്രൂപ്പ് ഐ യിൽ നാലുമത്സരങ്ങളിൽ നാലും വിജയിച്ച ഇംഗ്ലണ്ട് 12 പോയന്റുകളുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. പോളണ്ടാണ് രണ്ടാമത്. പോളണ്ട് ഒന്നിനെതിരേ നാലുഗോളുകൾക്ക് അൽബേനിയയെ കീഴടക്കി. റോബർട്ട് ലെവെൻഡോവ്സ്കി (12), ആഡം ബുക്സ (44), ക്രൈച്ചോവിയാക്ക് (54), കരോൾ ലിനെറ്റി (89) എന്നിവർ പോളണ്ടിനായി ലക്ഷ്യം കണ്ടു.
ജർമനി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലീഷ്റ്റെൻസ്റ്റെയ്നിനെ കീഴടക്കി. തിമോ വെർണറും (41), ലിറോയ് സനെ(77)യുമാണ് ടീമിനായി ഗോൾ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് ജെ യിൽ രണ്ടാം സ്ഥാനത്താണ് ജർമനി. 4 മത്സരങ്ങളിൽ നിന്നും 9 പോയന്റാണ് ടീമിനുള്ളത്. 10 പോയന്റുകളുമായി അർമീനിയയാണ് ഒന്നാമത്.
ബെൽജിയം രണ്ടിനെതിരേ അഞ്ചുഗോളുകൾക്ക് എസ്തോണിയയെയാണ് തകർത്തത്. ബെൽജിയത്തിനായി സൂപ്പർ താരം റൊമേലു ലുക്കാക്കു ഇരട്ട ഗോളുകൾ നേടിയപ്പോൾ (29,52) ഹാൻസ് വനകെൻ (22), അക്സെൽ വിറ്റ്സൽ (65), തോമസ് ഫോക്കറ്റ് (76) എന്നിവർ സ്കോർ ചെയ്തു. എസ്തോണിയയ്ക്കായി മാത്തിയാസ് കൈറ്റ്, എറിക്ക് സോർഗ എന്നിവർ സ്കോർ ചെയ്തു. ഈ വിജയത്തോടെ ഗ്രൂപ്പ് ഇ യിൽ ബെൽജിയം ഒന്നാം സ്ഥാനത്ത് തുടരുന്നു.
താരതമ്യേന ദുർബലരായ ബൾഗേറിയയാണ് യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലിയെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. 16-ാം മിനിട്ടിൽ സൂപ്പർ താരം ഫെഡെറിക്കോ കിയേസയിലൂടെ ഇറ്റലിയാണ് ലീഡെടുത്തത്. എന്നാൽ 39-ാം മിനിട്ടിൽ അറ്റാനസ് ലിയേവിലൂടെ ബൾഗേറിയ സമനില ഗോൾ നേടി. സമനിലയിൽ കുരുങ്ങിയെങ്കിലും ഗ്രൂപ്പ് സി യിൽ ഇറ്റലി തന്നെയാണ് ഒന്നാം സ്ഥാനത്ത്.
സ്വീഡൻ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് സ്പെയിനിനെ അട്ടിമറിച്ചത്. കാർലോസ് സോളറിലൂടെ (4) സ്പെയിനാണ് ആദ്യം ലീഡെടുത്തത്. എന്നാൽ തൊട്ടടുത്ത മിനിട്ടിൽ അലെക്സാണ്ടർ ഐസക്കിലൂടെ സ്വീഡൻ സമനില നേടി. രണ്ടാം പകുതിയിൽ വിക്റ്റർ ക്ലാസ്സൺ (57) സ്വീഡനുവേണ്ടി വിജയഗോൾ നേടി. ഈ വിജയത്തോടെ സ്വീഡൻ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു. സ്പെയിനാണ് രണ്ടാമത്.മറ്റു പ്രധാന മത്സരങ്ങളിൽ റൊമാനിയ ഐസ്ലൻഡിനെയും (2-0) ചെക്ക് റിപ്പബ്ലിക്ക് ബെലാറസിനെയും (1-0) കീഴടക്കി.