ഐഡ ചുഴലിക്കാറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ന്യൂയോര്‍ക്കില്‍ 45 മരണം #Hurricane Ida
ന്യൂയോർക്ക്: ഐഡ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ന്യയോർക്ക് നഗരത്തിൽ കഴിഞ്ഞ ദിവസം 45 മരണം. റെക്കോഡ് മഴയെ തുടർന്ന് നഗരത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. കനത്ത മഴ കാരണം മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇതേത്തുടർന്ന് സബ്വേകൾ അടച്ചു.
കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ഇത്തരത്തിലൊരു മഴ കിട്ടിയതായി ഓർക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. നൂറ് കണക്കിന് വിമാനങ്ങളാണ് ന്യൂയോർക്കിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കിയത്.
ന്യൂ ജേഴ്സി, ന്യൂയോർക്ക് സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട പല റോഡുകളും അടച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് കാറുകൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തിൽ വീടുകൾക്കുള്ളിൽ കുടുങ്ങിയ നിരവധിപേരെ രക്ഷാപ്രവർത്തകരെത്തിയാണ് വീടുകൾക്ക് പുറത്തെത്തിച്ചത്.
ന്യൂജേഴ്സിയിൽ 23 പേർ മരിച്ചതായി ഗവർണർ ഫിൽ മർഫി പറഞ്ഞു. ഇതിൽ കൂടുതൽപേരും വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിപ്പോയവരാണ്. രണ്ട് സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് മാറിത്താമസിക്കാനും നിർദേശിച്ചിട്ടുണ്ട്.
കനത്ത മഴയും കൊടുങ്കാറ്റും കാരണം പെൻസിൽവാനിയയിൽ 98000, ന്യൂയോർക്കിൽ 40,000 ന്യൂജേഴ്സിയിൽ 60,000 വീടുകളിൽ വീതം വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ലൂസിയാനയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപകനാശനഷ്ടമുണ്ടായി. കാലാവസ്ഥാ വ്യതിയാനമാണ് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.