30.6 C
Kottayam
Saturday, April 27, 2024

ലോകകപ്പ് ഹോക്കി:ഇന്ത്യയ്ക്ക് വിജയത്തുടക്കം,സ്‌പെയിനിനെ തകര്‍ത്തു

Must read

റൂര്‍ക്കേല: ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പൂള്‍ ഡിയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ സ്‌പെയിനിനെ കീഴടക്കി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.

ഇന്ത്യയ്ക്ക് വേണ്ടി അമിത് രോഹിദാസും ഹാര്‍ദിക് സിങ്ങും ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ഇന്ത്യ പൂള്‍ ഡിയില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയന്റാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ടാണ് ഒന്നാമത്. ഇംഗ്ലണ്ടിനും മൂന്ന് പോയന്റാണുള്ളത് എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ അവര്‍ മുന്നിലെത്തി.

ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യയാണ് ആധിപത്യം പുലര്‍ത്തിയത്. നിരന്തരം ആക്രമിച്ച് കളിച്ച് ഇന്ത്യ സ്പാനിഷ് പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. 12-ാം മിനിറ്റില്‍ ഇന്ത്യയ്ക്ക് അനുകൂലമായി പെനാല്‍റ്റി കോര്‍ണര്‍ വന്നു. എന്നാല്‍ ഈ അവസരം മുതലാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.

എന്നാല്‍ 13-ാം മിനിറ്റില്‍ ഇന്ത്യ സ്പാനിഷ് പ്രതിരോധം പൊളിച്ച് ഗോളടിച്ചു. അമിത് രോഹിദാസാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഗോള്‍ പിറന്നത്. ലോകകപ്പിലെ ഇന്ത്യയുടെ 200-ാം ഗോള്‍ കൂടിയാണിത്. വൈകാതെ ആദ്യ ക്വാര്‍ട്ടര്‍ അവസാനിച്ചു

രണ്ടാം ക്വാര്‍ട്ടറില്‍ 11-ാം മിനിറ്റില്‍ സ്‌പെയിനിന്റെ ഗോളെന്നുറച്ച ഷോട്ട് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പതക്ക് അത്ഭുതകരമായി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ഇന്ത്യയുടെ വക അടുത്ത ഗോള്‍. 12-ാം മിനിറ്റില്‍ ഹാര്‍ദിക് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. മികച്ച മുന്നേറ്റത്തിലൂടെയാണ് താരം ഗോളടിച്ചത്.

മൂന്നാം ക്വാര്‍ട്ടറില്‍ മൂന്നാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ വെച്ച് സ്‌പെയിന്‍ ഫൗള്‍ നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റി വിദഗ്ധന്‍ ഹര്‍മന്‍പ്രീതാണ് ഷോട്ടെടുത്തത്. എന്നാല്‍ ഹര്‍മന്റെ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ അഡ്രിയാന്‍ റാഫി ഗോള്‍ലൈനില്‍ വെച്ച് തടഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ ഗോളിനായി വാദിച്ചതോടെ റഫറി ഇത് വീഡിയോ റഫറിയ്ക്ക് കൈമാറി. റീപ്ലേയില്‍ പന്ത് ഗോള്‍വര കടന്നിട്ടില്ലെന്ന് വ്യക്തമായതോടെ ഇന്ത്യയ്ക്ക് ഗോള്‍ നിഷേധിക്കപ്പെട്ടു. മൂന്നാം ക്വാര്‍ട്ടറില്‍ മൂന്നിലധികം ഗോളെന്നുറച്ച അവസരങ്ങള്‍ ഇന്ത്യ നഷ്ടപ്പെടുത്തി.

നാലാം ക്വാര്‍ട്ടറില്‍ ആക്രമണത്തിന് പകരം പ്രതിരോധത്തിനാണ് ഇന്ത്യ പ്രാധാന്യം നല്‍കിയത്. രണ്ട് ഗോളിന്റെ ലീഡ് നഷ്ടപ്പെടുത്താതിരിക്കാന്‍ ഇന്ത്യ പരിശ്രമിച്ചു. ഒന്‍പതാം മിനിറ്റില്‍ സ്‌പെയിനിന്റെ പെനാല്‍റ്റി കോര്‍ണര്‍ തട്ടിയകറ്റി പതക് വീണ്ടും അത്ഭുത സേവുമായി ഇന്ത്യയുടെ രക്ഷകനായി. വൈകാതെ ഇന്ത്യ വിജയം സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week