ലോകകപ്പ് ഫൈനല്‍: കാലിക്കറ്റ് – കേരള സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കി; പുതിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ പ്രമാണിച്ച് തിങ്കളാഴ്ച (ജൂലൈ 20) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും കാലിക്കറ്റ്, കേരള സര്‍വകലാശാലകള്‍ മാറ്റിവെച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് ഇരു സര്‍വകലാശാലാ അധികൃതരും വ്യക്തമാക്കി. ലോകകപ്പ് ഫൈനല്‍ മത്സരം പ്രമാണിച്ച് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നാണ് ഔദ്യോഗിക ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍, കളി കണ്ട് പുലര്‍ച്ചെ ഉറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെക്കാന്‍ പരീക്ഷാ കണ്‍ട്രോളര്‍ തീരുമാനിക്കുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ കേരള സര്‍വകലാശാലയും നാളത്തെ പരീക്ഷകള്‍ മാറ്റിവെച്ചതായി ഔദ്യോഗികമായി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News