32.1 C
Kottayam
Wednesday, May 1, 2024

സുഗന്ധഗിരിയിലെ മരം കൊള്ള: ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ ഉൾപ്പെടെ 3 പേരെ കൂടി സസ്പെൻഡ് ചെയ്തു

Must read

കോഴിക്കോട്: വയനാട് സുഗന്ധഗിരി വന ഭൂമിയില്‍ നിന്ന് 126 മരങ്ങള്‍ മുറിച്ചു കടത്തിയതില്‍ സൗത്ത് വയനാട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഷജന കരീം, കല്‍പ്പറ്റ ഫ്‌ലൈിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എം. സജീവന്‍, ഗ്രേഡ് ഡെപ്യൂട്ടി ബീരാന്‍കുട്ടി എന്നിവരെക്കൂടി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സസ്‌പെന്‍ഷനിലാകുന്ന വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഇതോടെ ഒന്‍പതായി.

കല്‍പ്പറ്റ റെയ്ഞ്ച് ഓഫീസര്‍ കെ നീതുവിനെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. നോര്‍ത്ത് വയനാട് ഡി എഫ് ഓ മാര്‍ട്ടിന്‍ ലോവലിനാണ് സൗത്ത് വയനാട് ഡിവിഷന്റെ താല്‍ക്കാലിക ചുമതല. ഫ്‌ലൈയിങ് സ്‌ക്വാഡിന്റെ താല്‍ക്കാലിക ചുമതല താമരശ്ശേരി ആര്‍ ഒ വിമലിനാണ്.

ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറും 2 റേഞ്ച് ഓഫിസര്‍മാരും ഉള്‍പ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് ഉന്നതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ വനം അഡിഷനല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

പ്രതികളില്‍ നിന്ന് ഫോറസ്റ്റ് വാച്ചര്‍ ആര്‍.ജോണ്‍സണ്‍ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങള്‍ കരാറുകാരന് കാണിച്ചു കൊടുത്തതുപോലും വനം ജീവനക്കാരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

പരിശോധനകള്‍ ഒന്നും ഇല്ലാതെ മരം മുറിക്കുന്നതിന് അനുമതി നല്‍കി, കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടും കുറ്റവാളികള്‍ തടി കടത്തുന്നതിന് ഇടയാക്കി, യഥാര്‍ഥ പ്രതികളെ നിയമനത്തിനു മുന്നില്‍ കൊണ്ടുവന്നില്ല തുടങ്ങി വിവിധ കുറ്റങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

ഇവരില്‍ കല്‍പറ്റ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.കെ.ചന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സജി പ്രസാദ്, എം.കെ.വിനോദ് കുമാര്‍, വാച്ചര്‍മാരായ ജോണ്‍സണ്‍, ബാലന്‍ എന്നിവര്‍ നേരത്തെ സസ്‌പെന്‍ഷനിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week