ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച വനിതാ സംവരണ ബിൽ ഭേദഗതി മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ലോക്‌സഭയിൽ പരാജയപ്പെട്ടു. ഭരണഘടന ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വോട്ടെടുപ്പിൽ ബില്ലിന് തിരിച്ചടിയേറ്റത്. ലോക്‌സഭയിൽ നടന്ന വോട്ടെടുപ്പിൽ ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ് സമാഹരിക്കാൻ സാധിച്ചത്.
എന്നാൽ പ്രതിപക്ഷ നിരയിൽ നിന്ന് 230 പേർ ബില്ലിനെതിരെ വോട്ട് ചെയ്തതോടെ സർക്കാർ നീക്കം പാളുകയായിരുന്നു. കഴിഞ്ഞ 12 വർഷത്തെ ഭരണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്‌സഭയിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്.
പ്രതിപക്ഷത്തിന്റെ അതിശക്തമായ പ്രതിഷേധത്തിനിടയിൽ നടന്ന ഈ വോട്ടെടുപ്പ് സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. വോട്ടെടുപ്പിന് മുൻപ് തന്നെ ബിൽ പരാജയപ്പെടുമെന്ന സൂചനകൾ കേന്ദ്രത്തിന് ലഭിച്ചിരുന്നുവെങ്കിലും അത് പിൻവലിക്കാൻ സർക്കാർ തയ്യാറായില്ല. ബിൽ സഭയിൽ തള്ളപ്പെടുന്നത് പ്രതിപക്ഷത്തിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാനാണ് ബി.ജെ.പി ഇപ്പോൾ ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾ തുറന്നുകാട്ടാൻ വൻ പ്രചാരണ പരിപാടികൾ പാർട്ടി ആസൂത്രണം ചെയ്യുന്നുണ്ട്. ലോക്‌സഭയിൽ ലഭിച്ച ഈ പ്രഹരത്തെ ജനകീയ കോടതിയിൽ നേരിടാനാണ് ഭരണപക്ഷത്തിന്റെ നീക്കം.
വനിതാ സംവരണത്തെയല്ല, മറിച്ച് അതുമായി ബന്ധിപ്പിച്ചിട്ടുള്ള മണ്ഡല പുനർനിർണയത്തെയാണ് തങ്ങൾ എതിർക്കുന്നതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. നിലവിലുള്ള 543 സീറ്റുകളിൽ എന്തുകൊണ്ട് ഉടൻ തന്നെ വനിതാ സംവരണം നടപ്പിലാക്കിക്കൂടാ എന്ന ചോദ്യമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്. മണ്ഡല പുനർനിർണയം എന്ന കടമ്പ വെക്കുന്നത് വനിതാ സംവരണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാണെന്ന് അവർ ആരോപിക്കുന്നു.
സർക്കാരിന്റെ രാഷ്ട്രീയ അജണ്ടകളെ ചെറുക്കുമെന്നും കൃത്യമായ സംവരണം ഉറപ്പാക്കുന്ന പുതിയ ബില്ലിനായി പോരാടുമെന്നും പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി. പാർലമെന്റിനകത്തും പുറത്തും വരും ദിവസങ്ങളിൽ ഈ വിഷയം വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിതുറക്കും.
The Women’s Reservation Bill amendment failed in the Lok Sabha as it couldn’t secure the mandatory two-thirds majority. This marks the first legislative defeat for the Modi government in the Lok Sabha in the last 12 years. While the government received 290 votes, 230 members from the opposition voted against the bill, primarily opposing the delimitation clause. The opposition argued for immediate implementation of reservation within the existing 543 seats, whereas the BJP plans to launch a massive campaign portraying the defeat as an anti-women stance by the opposition.


