32.8 C
Kottayam
Saturday, April 20, 2024

പൗരത്വഭേദഗതി നിയമം: പ്രതിഷേധങ്ങള്‍ക്ക് മുസ്ലിം സ്ത്രീകള്‍ തെരുവിലിറങ്ങരുതെന്ന് സംഘടനകള്‍, മുസ്ലിം സ്ത്രീകള്‍ പരിധി വിടരുതെന്ന് സമസ്തയുടെ മുന്നറിയിപ്പ്,സ്ത്രീകള്‍ അറസ്റ്റ് വരിയ്ക്കുന്നത് ഇസ്ലാമിക വിരുദ്ധം

Must read

കൊച്ചി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് മുസ്ലിം സ്ത്രീകള്‍ തെരുവിലിറങ്ങരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. പ്രതിഷേധങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പരിധി വിടരുതെന്നാണ് സമസ്തയുടെ മുന്നറിയിപ്പ്. ഇ കെ വിഭാഗം സമസ്തയുടെ ഒന്‍പത് നേതാക്കളുടെ പേരിലിറങ്ങിയ പ്രസ്താവനയിലാണ് സമരത്തില്‍ നിന്ന് മുസ്ലിം സ്ത്രീകള്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെടുന്നത്. വ്യാഴാഴ്ച ആകാശവാണി നിലയം വനിതാലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചതും അറസ്റ്റ് വരിച്ചതുമാണ് പെട്ടന്നുള്ള പരസ്യപ്രസ്താവനയുടെ കാരണം.

മുസ്ലിം സ്ത്രീകള്‍ പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും ബന്ധപ്പെട്ട സംഘടനകള്‍ പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യതിചലിക്കരുതെന്നും സമസ്ത ആവശ്യപ്പെടുന്നു. മുസ്ലിം സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതും അറസ്റ്റിനും മറ്റും ഇടവരുത്തുന്ന വിധം പരിധി വിടുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് കുറിപ്പില്‍ പറയുന്നു.

വനിതാ ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റ് വരിക്കുന്നത് വരെ കാര്യങ്ങളെത്തിയ സാഹചര്യത്തിലാണ് സമസ്തയുടെ ഇടപെടലെന്നും അനിസ്ലാമികമായ രീതികളിലേക്ക് മുസ്ലിം സ്ത്രീകളുടെ പ്രതിഷേധം മാറുന്നത് ശരിയല്ലെന്നും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. സമരങ്ങളിലേക്ക് സ്ത്രീകളുടെ അമിതപ്രവേശനം ഉണ്ടാവുന്നത് വേറെ തരത്തില്‍ വ്യാഖ്യാനിക്കപ്പെടാന്‍ സമസ്ത ആഗ്രഹിക്കുന്നില്ലെന്നും നാസര്‍ ഫൈസി പറഞ്ഞു. വനിതാ ലീഗിന്റെ പ്രതിഷേധം ഉദ്ഘാടനം ചെയ്യാമെന്നേറ്റ പി കെ കുഞ്ഞാലിക്കുട്ടി അവസാനനിമിഷം പരിപാടിയില്‍ നിന്ന് പിന്‍മാറിയത് സമസ്തയുടെ എതിര്‍പ്പ് ഭയന്നാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

അന്ന് ജില്ലയിലുണ്ടായിരുന്ന കുഞ്ഞാലിക്കുട്ടി പരിപാടിയില്‍ പങ്കെടുക്കാതെ ലീഗ് ഹൗസില്‍ വാര്‍ത്താസമ്മേളനം വിളിക്കുകയായിരുന്നു. ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി, എ.വി.അബ്ദുറഹിമാന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍ എന്നിവരുടെ പേരിലാണ് പ്രസ്താവന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week