24.4 C
Kottayam
Wednesday, May 22, 2024

യുവതികളില്ലെന്ന് ഉറപ്പുവരുത്താന്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വനിതാ പോലീസിന്റെ കര്‍ശന പരിശോധന

Must read

പത്തനംതിട്ട: നിലയ്ക്കല്‍-പമ്പ കെ.എസ്.ആര്‍.ടി.സി ബസില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. യുവതികളില്ലെന്ന് ഉറപ്പുവരുത്താനാണ് നടപടി. പമ്പയില്‍ നിന്ന് യുവതികളെ തിരിച്ചയച്ചതിന് പിന്നാലെയാണ് പോലീസ് പരിശോധന കര്‍ശനമാക്കിയത്. ബസുകളില്‍ കയറി സ്ത്രീകളുണ്ടോയെന്ന് പരിശോധിച്ച ശേഷം ഉണ്ടെങ്കില്‍ അവരുടെ ഐഡന്റി കാര്‍ഡും പോലീസ് പരിശോധിക്കും. വനിതാ പോലീസാണ് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കയറി പരിശോധന നടത്തുന്നത്. ഒരു തലത്തിലും സ്ത്രീകള്‍ നിലയ്ക്കല്‍ വിട്ട് പോകരുത് എന്ന നിര്‍ദേശമാണ് പോലീസ് നല്‍കുന്നത്. നിലയ്ക്കലില്‍ നൂറോളം വനിതാ പോലീസുകളെ മാത്രം നിയോഗിച്ചിട്ടുണ്ട്. 4000 തീര്‍ത്ഥാടകരാണ് ആദ്യത്തെ രണ്ട് മണിക്കൂറില്‍ സന്നിധാനത്തേക്ക് എത്തിയത്. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പോകുന്ന വാഹനങ്ങളിലെല്ലാം പോലീസ് കയറിയിറങ്ങുകയാണ്. സ്ത്രീകള്‍ ഉണ്ടെങ്കില്‍ തിരിച്ചുപോകുക എന്ന നിര്‍ദേശമാണ് നല്‍കുന്നത്.

ഇന്ന് യാതൊരു രീതിയിലുള്ള പ്രതിഷേധമോ മറ്റോ ഇവിടെ ഉണ്ടായിട്ടില്ല. അതേസമയം പമ്പയില്‍ യുവതികളെ തടഞ്ഞത് അറിയില്ലെന്നും ക്രമസമാധാനയുമായി ബന്ധപ്പെട്ട കാര്യം പോലീസാണ് നോക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകരെ തടയുകയോ കയറ്റുകയോ ചെയ്യുന്ന ജോലി ഒരു കാലത്തും ദേവസ്വം ബോര്‍ഡ് ചെയ്തിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശികളായ മൂന്ന് യുവതികളെ പോലീസ് ഇന്ന് തിരിച്ചയച്ചിരിന്നു. ആന്ധ്ര വിജയവാഡയില്‍ നിന്നെത്തിയ പതിനഞ്ചംഗ സംഘത്തിലെ മൂന്ന് പേരെയാണ് തിരിച്ചയച്ചത്. പ്രായം പരിശോധിച്ച ശേഷമായിരുന്നു നടപടി. പമ്പയിലെത്തുന്ന സ്ത്രീകളുടെ ആധാര്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week