അമിത വേഗതയ്ക്ക് കുടുങ്ങിയത് 90 തവണ! ഒരിക്കല്‍ പോലും പിഴയടക്കാതെ എറണാകുളം സ്വദേശിയായ യുവതി
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ അമിത വേഗതയ്ക്ക് 90 തവണ കുടുങ്ങിയിട്ടും പിഴയടയ്ക്കാതെ എറണാകുളം സ്വദേശിനിയായ യുവതി. എറണാകുളം നോര്‍ത്ത് സ്വദേശിനിയാണ് ദേശീയ പാതയിലെ കാമറയില്‍ 90 വട്ടം കുടുങ്ങിയിട്ടും പിഴയടക്കാന്‍ കൂട്ടാക്കാതെ വിദഗ്ധയായി മുങ്ങി നടക്കുന്നത്. 2018 സെപ്റ്റംബര്‍ മുതല്‍ 2019 മേയ് വരെയുള്ള കാലയളവിലാണ് ഈ നിയമലംഘനങ്ങള്‍ അത്രയും നടന്നിരിക്കുന്നത്.
അമിതവേഗത്തിന് പിഴത്തുകയായ 400 രൂപയാണ് അടയ്ക്കേണ്ടത്. എന്നാല്‍, ഫോണിലൂടെയും നിരവധി തവണ ആവശ്യപ്പെട്ടിട്ടും പിഴത്തുക അടയ്ക്കാന്‍ യുവതി തയ്യാറായില്ല. ആര്‍ടിഒ ഓഫീസില്‍ എത്താന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി പണമടയ്ക്കാമെന്ന് അറിയിച്ചിട്ടും പിഴയടക്കാന്‍ യുവതി തയ്യാറായില്ല. ഒടുവില്‍ ഈ കാറിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഉടമയ്ക്ക് അവസാന നോട്ടീസും അയച്ചിട്ടുണ്ട്.