ഫരീദാബാദ്: ഉത്തര്‍പ്രദേശിലെ ഫരീദാബാദില്‍ യുവതിയുടെ മൃതദേഹം റോഡിന് സമീപത്തെ കുഴിയിൽ കണ്ടെത്തി. ഷിക്കോഹബാദ് സ്വദേശി തനു രാജ്പുതിന്റെയാണ് മൃതദേഹമാണ് ജീർണിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തനുവിന്റെ ഭര്‍ത്താവ് അരുൺ, ഭർതൃ മാതാപിതാക്കൾ എന്നിവരെയും അടുത്ത കുടുംബാംഗത്തെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പാര്‍പ്പിടസമുച്ചയത്തിനടുത്തുള്ള റോഡില്‍ നിന്ന് പത്ത് അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുറത്തെടുത്ത മൃതദേഹം അഴുകിയ നിലയിലാണ്. തനുവിനെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് അരുണിന്റെ വീടിനടുത്തുള്ള റോഡിന് സമീപം എടുത്ത കുഴിയിൽ മൃതദേഹം കണ്ടെത്തിയത്.
രണ്ടുവര്‍ഷം മുന്‍പാണ് 24-കാരിയായ തനുവും ഫരീദാബാദ് റോഷന്‍ നഗറില്‍ താമസിക്കുന്ന അരുണുമായുള്ള വിവാഹം കഴിഞ്ഞത്. കല്ല്യാണത്തിന് ശേഷം തനുവിന് ഭര്‍ത്തൃവീട്ടുകാരില്‍നിന്ന് നിരന്തരപീഡനം ഏല്‍ക്കേണ്ടി വന്നിരുന്നെന്നാണ് പരാതി. സ്ത്രീധനത്തിന്റെ പേരില്‍ തനുവിനെ ഭർതൃവീട്ടുകാർ ഉപദ്രവിച്ചിരുന്നതായി തനുവിന്റെ സഹോദരി പറഞ്ഞു.
കല്ല്യാണത്തിന് ശേഷം പീഡനം സഹിക്കാതെ തനു മാതാപിതാക്കൾക്കൊപ്പം വന്ന് താമസിച്ചിരുന്നെങ്കിലും ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ഭര്‍ത്തൃഗൃഹത്തിലേക്ക് പോവുകയായിരുന്നു. അതിനുശേഷം തനുവുമായി ഒരുതരത്തിലും ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ഏപ്രില്‍ 23-ന് തനു വീട്ടില്‍നിന്ന് ഒളിച്ചോടി എന്ന് അരുണിന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അരുണ്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. യുവതി എങ്ങനെ മരിച്ചു എന്നത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ യുവതിയുടെ മരണം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.


