ഗർഭകാലത്ത് വയറ് ചെറുതായതിൻ്റെ പേരിൽ ക്രൂര പരിഹാസം, വ്യാജ ഗർഭ ആരോപണത്തിന് യുവതി നൽകിയ മറുപടി ഇങ്ങനെ

ഗർഭിണിയായതിന്‍റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ (social media) പങ്കുവച്ച യുവതിക്ക് ലഭിച്ചത് പരിഹാസവും ക്രൂര വിമർശനവും. സോഫിയാ കവാസിനി ( Sofia Cavacini) എന്ന യുവതിക്കാണ് വയറ് (bump) ചെറുതായതിന്‍റെ പേരില്‍ ക്രൂര വിമർശനം നേരിടേണ്ടി വന്നത്.

ഗർഭകാലം മുഴുവൻ സോഫിയ പങ്കുവച്ച വീഡിയോകൾക്ക് കീഴെയാണ് ക്രൂരമായ വിമർശനങ്ങള്‍ ഉയർന്നത്. സോഫിയയുടേത് വ്യാജ​ഗർഭം ആണെന്നായിരുന്നു പലരും ആരോപിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ മാസങ്ങൾക്കിപ്പുറം താൻ ജന്മം നൽകിയ കുഞ്ഞിനൊപ്പമിരുന്ന് പഴയ ട്രോളുകള്‍ പങ്കുവയ്ക്കുകയാണ് സോഫിയ.

ഇക്കഴിഞ്ഞ മാർച്ചിനാണ് സോഫിയ കുഞ്ഞിന് ജന്മം നൽകുന്നത്. എന്നാല്‍ ഗർഭകാലത്ത് ടിക്ടോക്കിൽ വളരെ സന്തോഷത്തോടെ സോഫിയ പങ്കുവച്ച വീഡ‍ിയോകള്‍ കണ്ടാണ് വയറു ചെറുതായതിന്റെ പേരില്‍ പലരും പരിഹസിച്ചത്. അഞ്ചരമാസത്തിലെ വീഡിയോ പങ്കുവച്ചതിന് കീഴെ ​ഗ്യാസ് നിറഞ്ഞതാണോ ​ഗർഭം നടിക്കുകയാണോ എന്നൊക്കെയാണ് പലരും കമന്റ് ചെയ്തത്.

ഏഴാം മാസത്തിലെ വീ‍ഡിയോ പങ്കുവച്ചപ്പോഴും ട്രോളുകൾക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. അത്താഴം കഴിച്ചിട്ട് നില്‍ക്കുന്നതാണോ എന്നായിരുന്നു ഒരാളുടെ കമന്‍റ്. ഒമ്പതാം മാസത്തിലെ വീഡ‍ിയോ പങ്കുവച്ചപ്പോഴും സോഫിയയെ ആരും വെറുതെവിട്ടില്ല. ഗര്‍ഭിണിയായി സോഫിയ അഭിനയിക്കുന്നതാണെന്ന് തന്നെ പലരും പറഞ്ഞു.


ഒടുവിൽ മാർച്ചിൽ മകൾ പിറന്നതോടെ ട്രോളന്മാർക്കെല്ലാം മറുപടി നൽകണമെന്ന് സോഫിയ ഉറപ്പിച്ചു. അങ്ങനെ മകൾക്കൊപ്പം കളിക്കുന്നതിന്റെ വീഡിയോയുമായി വീണ്ടും സോഫിയയെത്തി. ഒപ്പം താൻ നേരിട്ട ക്രൂരമായ ട്രോളുകളെക്കുറിച്ചും അവര്‍ പങ്കുവച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News