‘പുരുഷന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേട്’; നെന്മാറ സംഭവം തികഞ്ഞ മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന്‍

പാലക്കാട്: നെന്മാറയില്‍ സ്ത്രീയെ പത്ത് വര്‍ഷം ഒരു മുറിക്കുള്ളില്‍ അടച്ചിട്ടത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന, കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള വനിതാ കമ്മിഷന്‍. ഭര്‍ത്താവ് റഹ്മാനെതിരെ നിയമനടപടി വേണ്ടതരത്തില്‍ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും വിലയിരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഉടന്‍തന്നെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും.

സാജിത എന്ന യുവതി അയല്‍വാസിയായ റഹ്മാന്‍ എന്ന യുവാവിനൊപ്പം ഇത്രയും കാലം അയാളുടെ വീട്ടിലെ ഒരു മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയും ഇതിനുള്ളില്‍ കഴിഞ്ഞുവെന്ന വാര്‍ത്ത അവിശ്വസനീയവും യുക്തിക്ക് നിരക്കാത്തതുമാണ്. ആര്‍ത്തവകാലമുള്‍പ്പെടെ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാതെ കഴിയാന്‍ നിര്‍ബന്ധിതയായിയെന്നത് അവരെ താമസിപ്പിച്ച റഹ്മാനെതിരെ നിയമനടപടി വേണ്ടതരത്തില്‍ മനുഷ്യാവകാശ ലംഘനമാണ്.

വാതിലില്‍ വൈദ്യുതി കടത്തിവിട്ട് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിലൂടെ പുരുഷന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണ് ഈ സംഭവമെന്ന് കമ്മിഷന്‍ വിലയിരുത്തി. അതേസമയം, സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുമുണ്ട്.

സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നെന്മാറ സിഐയോട് ആവശ്യപ്പെട്ടു. യുവതിക്ക് കൗണ്‍സിലിംഗ് നല്‍കാനും നിര്‍ദ്ദേശമുണ്ട്. നെന്മാറ അയിലൂരിലാണ് കാമുകിയായ സാജിതയെ റഹ്മാന്‍ സ്വന്തം വീട്ടില്‍ പത്തുവര്‍ഷത്തോളം ആരുമറിയാതെ താമസിപ്പിച്ചത്. കുടുംബത്തോടൊപ്പം താമസിക്കുന്ന റഹ്മാന്‍ മറ്റാരും അറിയാതെയാണ് സാജിതയെ മുറിയില്‍ ഒളിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News